കഴക്കൂട്ടം: കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ അഞ്ച് ജീവനക്കാർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാൻ, വിജയരാജ്, ഗിരീഷ് എന്നിവർക്കെതിരെയാണ് കേസ്.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റുൾപ്പടെ നടപടികൾ ഉണ്ടാകുമെന്ന് കഴക്കൂട്ടം അസി. കമീഷണർ പറഞ്ഞു. ചെക്ക് ബുക്കുകൾ വ്യാജമായി ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പണംതട്ടിയത്. വെള്ളിയാഴ്ച നടന്ന പരിശോധനയിൽ മരിച്ച കൂടുതൽ പേരിൽനിന്ന് പണം തട്ടിയതായി കണ്ടെത്തി.
ശ്രീകാര്യം ചെറുവക്കൽ സ്വദേശി എം. മോഹനകുമാരിയുടെ അക്കൗണ്ടിൽനിന്ന് രണ്ടര ലക്ഷം രൂപയും മരിച്ച ഗോപിനാഥൻ നായരുടെ അക്കൗണ്ടിൽനിന്ന് 6.70 ലക്ഷം രൂപയും ജമീല ബീഗത്തിന്റെ അക്കൗണ്ടിൽനിന്ന് മൂന്ന് ലക്ഷം രൂപയും സുകുമാരന്റെ അക്കൗണ്ടിൽനിന്ന് 2.90 ലക്ഷം രൂപയും ഉൾപ്പെടെ 15.10 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ട്രക്ഷറിയിലെ സിസി കാമറ ഓഫ് ചെയ്തശേഷമാണ് പണം തട്ടിയതെന്ന് കണ്ടെത്തി. കൂടുതൽ പേരിൽനിന്ന് പണം അപഹരിച്ചിട്ടുണ്ടോ എന്ന പരിശോധന വരുംദിവസങ്ങളിലും നടക്കും.
ഗോപിനാഥൻ നായരുടെ പേരിലുള്ള അക്കൗണ്ടിൽനിന്ന് MA 5019651 മുതൽ MA 5019660 വരെയുള്ള 10 വ്യാജ ചെക്ക് ലീഫുകൾ ഉപയോഗിച്ച് കഴിഞ്ഞ ഏപ്രിൽ രണ്ടുമുതൽ പലതവണകളായി തുക പിൻവലിച്ചു.
ജമീല ബീഗത്തിന്റെ അക്കൗണ്ടിൽനിന്ന് മേയ് 15 മുതലാണ് പല തവണകളായി പണം പിൻവലിച്ചത്. സുകുമാരൻ നായരുടെ അക്കൗണ്ടിൽനിന്ന് MA 5019811 മുതൽ MA 5019820 വരെയുള്ള വ്യാജ ചെക്ക് ലീഫ് ഉപയോഗിച്ച് കഴിഞ്ഞ ഏപ്രിൽ അഞ്ചുമുതൽ പല തവണകളായി പണം തട്ടിയതായും ജില്ലാ ട്രഷറി ഓഫിസർ കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാൻ ജില്ല ട്രഷറി ഓഫിസർക്ക് കഴക്കൂട്ടം പൊലീസ് നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.