കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിഫ ബീഗത്തെ കൈയൊഴിഞ്ഞ് സി.പി.എം. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കണിയാപുരം ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്ത് സീറ്റ് നൽകാമെന്ന് നേരത്തേ പറഞ്ഞിരുന്നെങ്കിലും അവസാനനിമിഷം സി.പി.എം കൂറുമാറി.
കോൺഗ്രസിൽനിന്ന് വന്ന ഉനൈസ അൻസാരിയെ സ്ഥാനാർഥിയാക്കാനാണ് സി.പി.എമ്മിലെ ചില നേതാക്കളുടെ നീക്കം. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ 13 ഡിവിഷനുള്ളതിൽ ഏഴ് സീറ്റിൽ കോൺഗ്രസും ആറ് സീറ്റിൽ ഇടതുപക്ഷവുമാണ് ജയിച്ചത്. തുടർന്ന് കോൺഗ്രസിെൻറ ജലജകുമാരി പ്രസിഡൻറ് ആകുകയായിരുന്നു. എന്നാൽ, കോൺഗ്രസിലെ ഗ്രൂപ് വഴക്കിനെതുടർന്ന് തുമ്പ ഡിവിഷനിൽനിന്ന് വിജയിച്ച കോൺഗ്രസിെൻറ ജോളി പത്രോസ് സി.പി.എം പിന്തുണയോടെ പ്രസിഡൻറ് ആയി. 10 മാസം കഴിഞ്ഞപ്പോൾ കോൺഗ്രസിെൻറ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ ജോളി പേത്രാസിനെ അയോഗ്യയാക്കി.
തുടർന്ന് വീണ്ടും സി.പി.എമ്മിെൻറ പിന്തുണയോടുകൂടി കോൺഗ്രസ് പ്രതിനിധിയായിരുന്ന ഷാനിഫ ബീഗം പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് പരാതിയിൽ ഷാനിഫയെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കിയെങ്കിലും ഹൈകോടതി വിധി സമ്പാദിച്ച് ഷാനിഫ സ്ഥാനം തുടരുകയായിരുന്നു.
അതിനുശേഷമാണ് സി.പി.എം വരുന്ന തെരഞ്ഞെടുപ്പിൽ കണിയാപുരം ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്ത് നൽകാമെന്ന് ഷാനിഫയോട് പറഞ്ഞിരുന്നത്. സി.പി.എമ്മിലെ ചില പ്രാദേശിക നേതാക്കൾ ഷാനിഫയക്ക് സീറ്റ് നൽകുന്നതിനെ ശക്തമായി എതിർത്തു. പാർട്ടി മെംബർഷിപ് പോലുമില്ലാത്ത ഷാനിഫക്ക് സീറ്റ് നൽകാൻ കഴിയില്ലെന്ന് നിലപാടെടുക്കുകയായിരുന്നു.
തുടർന്നാണ് കോൺഗ്രസിൽനിന്ന് സി.പി.എമ്മിലേക്ക് ചേക്കേറിയ ഉനൈസ അൻസാരിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കം നടത്തിയത്. ഇതിൽ കടുത്ത അതൃപ്തിയാണ് ഷാനിഫക്കുള്ളത്. എന്നാൽ, സി.പി.എം ഷാനിഫയെ കൈയൊഴിഞ്ഞതറിഞ്ഞ് ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഷാനിഫയുമായി ചർച്ച നടത്തിയെങ്കിലും ഷാനിഫ ഒന്നും മിണ്ടിയില്ലെന്നാണ് അറിയുന്നത്.
കഴിഞ്ഞ കാലഘട്ടങ്ങളിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിനെ ഐ.എസ്.ഒ നിലവാരത്തിലെത്തിച്ചതും വീടില്ലാത്ത നിരവധി പേർക്ക് വിവിധ വകുപ്പുകളിലെ ഫണ്ട് കണ്ടെത്തി സ്പെഷൽ ഓർഡർ ഉണ്ടാക്കി വീടിനുള്ള പണം കൈമാറിയത് ഉൾെപ്പടെ കോടിക്കണക്കിന് രൂപയുടെ വികസനമാണ് കാഴ്ചവെച്ചത്.
ജനങ്ങൾക്ക് ഉപകാരമാകുന്നതരത്തിൽ കുടിവെള്ള പദ്ധതികൾ കൊണ്ടുവന്നതും പോത്തൻകോട് ബ്ലോക്കിെൻറ പ്രത്യേകതയാണ്. പ്രാദേശിക സി.പി.എം നേതാക്കളെ അത്രകണ്ട് ഗൗനിക്കാതെ പൊതുജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയതാണ് ഷാനിഫയെ തഴയാൻ കാരണം.
എന്നാൽ, ഉനൈസാ അൻസാരിയെ മത്സരിപ്പിക്കാനുള്ള നീക്കം സി.പി.എമ്മിനുള്ളിൽ ചർച്ചയായിട്ടുണ്ട്. പാരമ്പര്യമായി പാർട്ടിയിൽ പ്രവർത്തിക്കുന്നവരെ മത്സരരംഗത്ത് പരിഗണിക്കണമെന്നാണ് പാർട്ടിക്കകത്തെ പൊതുവികാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.