കഴക്കൂട്ടം: ഗതാഗതക്കുരുക്കിനാല്‍ ശ്വാസംമുട്ടുന്ന സ്റ്റേഷന് കടവ് ജങ്ഷന്, ക്ലേ ഫാക്ടറി ജങ്ഷൻ എന്നിവിടങ്ങളിൽ റെയിൽവേ മേൽപാലം നിർമിക്കാൻ പദ്ധതി തയാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർദേശം നൽകി. എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ ഡൽഹിയിലെത്തി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എം.പിമാരായ എ.എ. റഹീം, ജോൺ ബ്രിട്ടാസ് എന്നിവർക്കൊപ്പമാണ് എം.എൽ.എ മന്ത്രിയെ സന്ദർശിച്ചത്.
രാജ്യമെമ്പാടും 1600ലധികം മേൽപാലം നിർമിക്കുന്നുണ്ടെന്നും അക്കൂട്ടത്തിൽ ഈ മേൽപാലങ്ങളും പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തിന്റെ തീരമേഖലയെയും നഗരപ്രദേശത്തെയും വേർതിരിക്കുന്നത് റെയിൽവേ ട്രാക്കാണ്. വി.എസ്.എസ്.സി, ടെക്നോപാർക്ക്, ടെക്നോസിറ്റി, ഡിജിറ്റൽ യൂനിവേഴ്സിറ്റി, കേരള യൂനിവേഴ്സിറ്റി കാമ്പസ് തുടങ്ങി നാടിന്റെ അഭിമാനകരമായ നിരവധി സ്ഥാപനങ്ങളാണ് റെയിൽവേ ട്രാക്കിന് ഇരുവശത്തുമുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്നത്.
സ്കൂളുകളും കെട്ടിടങ്ങളും ആശുപത്രികളും തുടങ്ങി ഒട്ടനേകം സ്ഥാപനങ്ങൾ വേറെയുമുണ്ട്. പതിനായിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും ഇവിടുത്തെ റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കേണ്ടത്. ഈ രണ്ടുപ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റെയിൽ ക്രോസുകളാണ് സ്റ്റേഷൻ കടവിലെയും ക്ലേ ഫാക്ടറി ജങ്ഷനിലെയും.
എന്നാൽ, ഇവിടെ റെയിൽവേ ഓവർബ്രിഡ്ജുകളുടെ അഭാവത്തെ തുടർന്ന് മണിക്കൂറുകൾ നീളുന്ന ട്രാഫിക് ബ്ലോക്കാണുണ്ടാവുന്നത്. ഇതിൽ വി.എ.എസ്.എസ്.സിയിലേക്കുള്ള ഹെവി വാഹനങ്ങളും ആംബുലൻസുകളും ഉൾപ്പെടും. സ്റ്റേഷൻ കടവ് ജങ്ഷനിൽ മേൽപാലം നിർമിക്കുന്നതിന് തങ്ങളുടെ പക്കലുള്ള സ്ഥലം സൗജന്യമായി വിട്ടുനൽകാൻ വി.എസ്.എസ്.സി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മറ്റൊരു മേൽപാലം വരുന്നത് കൊച്ചുവേളി റെയിൽവേ സ്റ്റേഷനോട് ചേർന്ന് ക്ലേ ഫാക്ടറി ജങ്ഷനിലാണ്. ഇവിടെ റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന വാഹനങ്ങളും മണിക്കൂറുകൾ കാത്തുകിടക്കേണ്ട സ്ഥിതിയായിരുന്നു. ഈ ജങ്ഷനുകളിൽ റെയിൽവേ മേൽപാലം വരുന്നതോടെ വലിയ ആശ്വാസമാകും നാട്ടുകാർക്കും യാത്രക്കാർക്കും ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.