കഴക്കൂട്ടം: വാഹനാപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ഏഴ് മാസം പ്രായമായ കുഞ്ഞ് ഇസാന് രക്ഷകനായത് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. കഴിഞ്ഞ ദിവസം പാലക്കാട് തൃത്താലയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ രാത്രി പത്തുമണിയോടെ സ്പീക്കറുടെ വാഹനം നാഷണല്‍ ഹൈവേയില്‍ മംഗലപുരം കുറക്കോട് എത്തിയപ്പോഴായിരുന്നു റോഡില്‍ ഒരു കുഞ്ഞ് കിടക്കുന്നത് കണ്ടത്. വഴിയരികിൽ വാഹനം നിർത്തി ഇറങ്ങിയപ്പോള്‍ വലിയ അകലെയല്ലാതെ അപകടത്തില്‍പ്പെട്ട നിലയില്‍ ഒരു മാരുതി ആള്‍ട്ടോ കാറും കണ്ടു. തൊട്ടടുത്തായി കുഞ്ഞിന്റെ മാതാവിനെയും പരിക്കുപറ്റിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അപകട സമയത്ത് കുഞ്ഞ് കാറില്‍നിന്നും തെറിച്ചു വീണതാണെന്ന് തിരിച്ചറിഞ്ഞ സ്പീക്കര്‍ ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരോട് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി, ഒപ്പം കുഞ്ഞ് ഇസാനെ സ്പീക്കറും ഒപ്പമുണ്ടായിരുന്ന പി.എ സുധീഷും ചേർന്ന് വാരിയെടുത്തു. സ്പീക്കറുടെ വാഹനത്തിൽ കയറ്റി തൊട്ടടുത്തുള്ള കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ഹോസ്പിറ്റലിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു.
നിലവിൽ കുട്ടിയും മാതാപിതാക്കളും അപകടനില തരണം ചെയ്തതായി ആശുപ്ത്രി അധികൃതർ അറിയിച്ചു. കണിയാപുരം ജൗഹറ മൻസിലിൽ ഷെബിൻ, ഭാര്യ സഹ്റ, ഏഴു മാസം പ്രായമുള്ള മകൻ ഇസാൻ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. എതിരെ വന്ന മറ്റൊരു വാഹനം തട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഷെബിനാണ് വാഹനം ഓടിച്ചിരുന്നത്. സഹ്റക്കും മകൻ ഇസാനുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇസാന്റെ തലക്കും സഹ്റയുടെ ഇടത് കാലിനും തലക്കും കഴുത്തിനുമാണ് പരിക്ക് പറ്റിയത്. ആശുപത്രിയിൽ എത്തിയതിന് ശേഷവും സ്പീക്കർ എം.ബി രാജേഷ് കുടുംബത്തിന് ചികിത്സക്ക് വേണ്ട ഇടപെടലുകൾ നടത്തിയിരുന്നു. കുടുംബത്തെ നിരന്തരം വിളിച്ച് കാര്യങ്ങൾ തിരക്കാനും സ്പീക്കർ മറന്നില്ല. ഈ ജന്മം മറക്കാനാകാത്ത അത്രയും വലിയ കാര്യമാണ് സ്പീക്കർ ചെയ്തതെന്നും അദ്ദേഹത്തിനോട് ഏറെ നന്ദി ഉണ്ടെന്നും ഇസാന്റെ പിതാവ് ഷെബിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.