കഴക്കൂട്ടം: ആക്കുളം ബൈപ്പാസിലെ കുളത്തൂർ ഗുരുനഗർ ജങ്ഷനിൽ ലോറിയിൽ തട്ടി നിയന്ത്രണം വിട്ട കാർ ഇടിച്ച് സ്ഥലവാസികളായ രണ്ട് വീട്ടമ്മമാർക്ക് ഗുരുതര പരിക്കേറ്റു.
ഗുരുനഗർ പുതുവൽ മണക്കാട് സ്വദേശികളായ പ്രസന്നകുമാരി (56), രേണുക (60) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കാൻ വാഹനങ്ങൾ ഒഴിയുന്നത് കാത്ത് ഡിവൈഡറിൽ നിന്ന ഇരുവരെയും കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കുഴിവിള ഭാഗത്തുനിന്നെത്തിയ ചരക്ക് ലോറിയും ആക്കുളം ഭാഗത്തുനിന്ന് വന്ന ഹോണ്ട സിറ്റി കാറുമാണ് കൂട്ടിയിടിച്ചത്. ഒരേദിശയിൽ റോഡിലെ രണ്ട് ട്രാക്കുകളിൽ സഞ്ചരിക്കുകയായിരുന്നു കാറും ലോറിയും. അമിതവേഗത്തിൽ മറികടക്കാൻ ശ്രമിക്കവെ കാർ ലോറിയുടെ ഇടതുവശത്ത് ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലക്കും കാലുകൾക്കും ഗുരുതര പരിക്കേറ്റ പ്രസന്നകുമാരിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇവരുടെ ഇടുപ്പിന് താഴോട്ട് അസ്ഥികൾ ഒടിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും തുമ്പ പൊലീസുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.