​വ​നി​ത​ക​ളു​ടെ 48 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ ആ​വ​ണി ആ​ര്‍. രാ​ജു ( ചു​വ​പ്പ് )സ്വ​ര്‍ണം നേ​ടു​ന്നു 

കേരള ഗെയിംസ് 2022: അത്‌ലറ്റിക്‌സ്, ഷൂട്ടിങ് മത്സരങ്ങള്‍ നാളെയാരംഭിക്കും

തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിലെ അത്‌ലറ്റിക്‌സ്, ഷൂട്ടിങ് മത്സരങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍. രാവിലെ 6.30ന് പുരുഷന്മാരുടെ 10000 മീറ്റര്‍ ഫൈനല്‍ മത്സരത്തോടെയാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ആരംഭിക്കുക. തുടര്‍ന്ന് വനിതകളുടെ 10000 മീറ്റര്‍ ഫൈനലും നടക്കും.

പുരുഷ-വനിത വിഭാഗങ്ങളിലെ ഹാമര്‍ത്രോ, വനിതകളുടെ ലോങ് ജംപ് എന്നീ മത്സരങ്ങളുടെ ഫൈനലുകള്‍ രാവിലത്തെ സെഷനില്‍ പൂര്‍ത്തിയാകും. ഉച്ചഭക്ഷണത്തിനുശേഷം രണ്ടിന് പുരുഷൻമാരുടെ ഡിസകസ് ത്രോ ഫൈനലോടെ മത്സരങ്ങള്‍ പുനരാരംഭിക്കും. പുരുഷന്മാരുടെ പോള്‍വാള്‍ട്ട്, ഹൈജംപ്, ലോങ് ജംപ്, ജാവലിന്‍ ത്രോ, 110 മീറ്റര്‍ ഹര്‍ഡില്‍സ്, വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ്, പുരുഷ വനിതാവിഭാഗം 100 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍ എന്നീ ഇനങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നാളെ നടക്കും. വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിലാണ് ഷൂട്ടിങ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

മത്സരങ്ങള്‍ രാവിലെ എട്ടിനാരംഭിക്കും. റൈഫിള്‍ ഷൂട്ടിങ് മത്സരങ്ങളാണ് നാളെ നടക്കുക. സൈക്ലിങ് മത്സരങ്ങളും അമ്പെയ്ത്ത് മത്സരങ്ങളും നാളെയാരംഭിക്കും കോവളം ബൈപാസിലാണ് സൈക്ലിങ് മത്സരങ്ങള്‍. രാവിലെ ഏഴിന് വനിതകളുടെ 20 കിലോമീറ്റര്‍ ടൈം ട്രയല്‍ മത്സരത്തോടെയാണ് സൈക്ലിങ് മത്സരങ്ങള്‍ ആരംഭിക്കുക. തുടര്‍ന്ന് 10 മുതല്‍ പുരുഷന്മാരുടെ 80 കിലോമീറ്റര്‍ മാസ് സ്റ്റാര്‍ട്ട് മത്സരം ആരംഭിക്കും. സെന്‍ട്രല്‍ സ്റ്റേഡിയമാണ് അമ്പെയ്ത്ത് മത്സരങ്ങളുടെ വേദി.

നാളെ പരിശീലന മത്സരങ്ങള്‍ മാത്രമാണ് നടക്കുക. പ്രഥമ കേരള ഗെയിംസിലെ ഹോക്കി ചാമ്പ്യന്മാരെ ഇന്നറിയാം. കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളിലെ വനിതാവിഭാഗം ഫൈനലില്‍ എറണാകുളം പത്തനംതിട്ടയെ നേരിടും. ഉച്ചക്ക് 2.30നാണ് വനിതാ വിഭാഗം ഫൈനല്‍. വൈകീട്ട് നാലിനാണ് പുരുഷ വിഭാഗത്തിലെ ഫൈനല്‍ മത്സരം.

ഖോ ഖോയില്‍ മലപ്പുറവും തിരുവനന്തപുരവും ചാമ്പ്യന്‍മാര്‍

തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിലെ ഖോ ഖോ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മലപ്പുറവും തിരുവനന്തപുരവും പുരുഷ-വനിതാവിഭാഗം ചാമ്പ്യന്‍മാര്‍. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ തിരുവനന്തപുരത്തിനെ 13-12 എന്ന സ്‌കോറിനാണ് മലപ്പുറം പരാജയപ്പെടുത്തിയത്.

മലപ്പുറത്തിന്‍റെ അതുല്‍ വേണുവാണ് കളിയിലെ മികച്ച താരം. കോഴിക്കോട്, പാലക്കാട് ടീമുകള്‍ വെങ്കല മെഡല്‍ പങ്കിട്ടു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വനിതാവിഭാഗം ഫൈനലില്‍ തിരുവനന്തപുരം ജില്ല 10-09 എന്ന മാര്‍ജിനില്‍ പാലക്കാടിനെ പരാജയപ്പെടുത്തി. മലപ്പുറം, കണ്ണൂര്‍ ടീമുകള്‍ക്കാണ് വെങ്കലം. തിരുവനന്തപുരം ജില്ലയുടെ പ്രീത കളിയിലെ മികച്ച താരമായി.

Tags:    
News Summary - Kerala Games 2022: Athletics and shooting competitions will start tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.