തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവം തുടങ്ങിയതുമുതൽ സർവകലാശാല ആസ്ഥാനത്ത് നിലനിന്ന സംഘർഷാവസ്ഥ സമാപന ദിനമായ തിങ്കളാഴ്ച അതിരുവിടുമോയെന്ന ആശങ്കയിലായിരുന്നു അധികൃതർ. കഴിഞ്ഞ ദിവസങ്ങളിലെ കൈയാങ്കളിയും വാക്കേറ്റവും തടയാൻ വൻസുരക്ഷ സംവിധാനമൊരുക്കിയിരുന്നു. രാവിലെ മുതൽ സെനറ്റ് ഹാളിലെ മുഖ്യവേദി സാക്ഷ്യംവഹിച്ചത് നാടകീയ രംഗങ്ങൾക്ക്. തിരുവാതിരയുടെയും മാർഗംകളിയുടെയും ഫലം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യൂനിവേഴ്സിറ്റി, ഗവ. വിമൻസ് കോളജ് വിദ്യാർഥിനികൾ ഹാളിലെ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ ഞായറാഴ്ചയിൽനിന്ന് തിങ്കളാഴ്ചയിലേക്ക് മാറ്റിയ സംഘനൃത്തം മുടങ്ങി. ഉച്ചയോടെ തിരുവാതിര, മാർഗംകളി മത്സരഫലം റദ്ദാക്കിയതായി കോളജ് പ്രതിനിധികളുടെ യോഗത്തിനുശേഷം അപ്പലേറ്റ് കമ്മിറ്റി അറിയിച്ചു. ഇതോടെ വിദ്യാർഥികൾ സെനറ്റ് ഹാളിൽ കുത്തിയിരുന്നു.
പ്രതിഷേധത്തിനിടെ പലതവണ വേദിയിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. സംഘാടകരായ എസ്.എഫ്.ഐ പ്രവർത്തകരും യൂനിവേഴ്സിറ്റി കോളജ് യൂനിയൻ ഭാരവാഹികളും തമ്മിലും വാക്കേറ്റമുണ്ടായി. പൊലീസും സർവകലാശാല ഉദ്യോഗസ്ഥരും ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു. സംഘനൃത്തം മുടങ്ങിയതിനെതിരെ വിദ്യാർഥിനികൾ വേദിയിൽ പ്രതിഷേധ നൃത്തം അവതരിപ്പിച്ചു. കൈക്കൂലി വാങ്ങി മത്സരഫലം അട്ടിമറിച്ചതിന് വിധികർത്താവിനെ വേദിയിൽനിന്ന് അറസ്റ്റ് ചെയ്തതതടക്കം അസാധാരണ സംഭവവത്തിനും വേദിയായി. പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ വലിച്ചുനീക്കി അറസ്റ്റ് ചെയ്ത പൊലീസ് എസ്.എഫ്.ഐ പ്രവർത്തകർക്ക് ഒത്താശ ചെയ്തതായി വിമർശനമുയർന്നു. കെ.എസ്.യുക്കാരെ സംരക്ഷിക്കാൻ കോൺഗ്രസ് രംഗത്തിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. പ്രതിഷേധം കനത്തതോടെ കെ.എസ്.യു ലോകോളജ് യൂനിറ്റ് സെക്രട്ടറി നിതിൻ തമ്പി ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റു. ഇതിൽ 16 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. വേദിയിലെ ഗുരുതര സാഹചര്യവും വിദ്യാർഥികളുടെ സുരക്ഷയും പരിഗണിച്ച് കലോത്സവത്തിന്റെ തുടർസംഘാടനം നിർത്തിവെക്കാനായിരുന്നു വി.സിയുടെ നിർദേശം. സമാപന സമ്മേളന തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.