കിളിമാനൂർ: കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ വീടുകൾ കേന്ദ്രീകരിച്ച് റബർഷീറ്റ് മോഷണം നടത്തിവന്ന അന്തർജില്ല മോഷ്ടാവിനെ പൊലീസ് പിടികൂടി. പത്തനംതിട്ട, അടൂർ, കല്ലിയോട് പടിഞ്ഞാറ്റതിൽ വീട്ടിൽ തുളസീധരൻ (45) ആണ് പിടിയിലായത്.
വെള്ളിയാഴ്ച അർധ രാത്രി 12.15ന് തട്ടത്തുമല വല്ലൂർ പ്രദീപ് ഭവനിൽ പ്രദീപിന്റെ വീടിന് പുറകുവശത്ത് സൂക്ഷിച്ചിരുന്ന അമ്പതോളം റബർ ഷീറ്റുകൾ മോഷണം പോയ കേസിലാണ് മണിക്കൂറുകൾക്കകം കിളിമാനൂർ പൊലീസ് പ്രതിയെ പിടികൂടിയത്. പരാതിയെ തുടർന്ന് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു പ്രതിയെ തിരിച്ചറിഞ്ഞു.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വാഹനപരിശോധയിലൂടെ പിടികൂടി. ജനുവരി ആദ്യവാരം കിളിമാനൂർ മുളയ്ക്കലത്തുകാവ് പുളിമ്പള്ളിക്കോണത്ത് ക്രഷറിന് സമീപത്തെ വീട്ടിൽ നിന്നു 25 ഷീറ്റുകൾ മോഷ്ടിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അടൂർ, ഏനാത്ത് സ്റ്റേഷനുകളിലും കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, തിരുവനന്തപുരം ജില്ലയിലെ നഗരൂർ പൊലീസ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ സമാന കുറ്റകൃത്യത്തിന് കേസുകൾ നിലവിലുണ്ട്.
കിളിമാനൂർ സബ് ഇൻസ്പെക്ടർമാരായ സത്യ ദാസ്, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.