വാ​മ​ന​പു​രം ന​ദി​യി​ൽ കാ​രേ​റ്റ് ഭാ​ഗം നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ നി​ല​യി​ൽ

വാമനപുരം നദി തടസ്സങ്ങളില്ലാതെ ഒഴുകും; ബജറ്റിൽ രണ്ട് കോടി

കിളിമാനൂർ: വാമനപുരം നദി ഇനി തടസ്സങ്ങളില്ലാതെ സ്വച്ഛവും ശാന്തവുമായി ഒഴുകും. 88 കിലോമീറ്റർ ദൈർഘ്യമുള്ള വാമനപുരം നദിയുടെ പുനരുജ്ജീവനത്തിനായി കഴിഞ്ഞദിവസം ബജറ്റിൽ രണ്ടുകോടി അനുവദിച്ചത് ആവേശത്തോടെയാണ് ജനപ്രതിനിധികളും നാട്ടുകാരും കാണുന്നത്.

മതിയായ സംരക്ഷണമില്ലാതെ മാലിന്യം നിറഞ്ഞ് നാശോന്മുഖമാണ് വാമനപുരം നദി. പശ്ചിമഘട്ടത്തിലെ ചെമുഞ്ചിമൊട്ടയിൽ നിന്നാരംഭിച്ച് വാമനപുരം, അരുവിക്കര, ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങളിൽകൂടി 88 കിലോമീറ്റർ ദൂരം ഒഴുകി അഞ്ചുതെങ്ങിലാണ് നദി അവസാനിക്കുന്നത്.

നദിയുടെ സമഗ്രപുനരുജ്ജീവനത്തിനായി തയാറാക്കിയ ഡി.പി.ആർ മുഖ്യമന്ത്രി പ്രകാശനം ചെയ്തിരുന്നു. പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി വി. ശശി എം.എൽ.എ ചെയർമാനും ഡി.കെ. മുരളി കൺവീനറുമായ നദീജല സംരക്ഷണ സമിതിയും മറ്റ് ടെക്നിക്കൽ കമ്മിറ്റികളും രൂപവത്കരിച്ചിരുന്നു. പദ്ധതിപ്രകാരം ആദ്യഘട്ടം എന്ന നിലയിൽ നവകേരളം പദ്ധതിയിലുൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ഡി.പി.ആറിൽ പറയുന്ന രീതിയിൽ പദ്ധതി പ്രാവർത്തികമായാൽ 720 കോടി രൂപയുടെ വികസനം സാധ്യമാകും.

നദി പുനരുജ്ജീവനമെന്നത് പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടെയും വർഷങ്ങളായുള്ള ആവശ്യമാണ്. ഇതിനായുള്ള പഠനത്തിൽ, വനമേഖല ഒഴിച്ചുള്ള എട്ടിടങ്ങളിൽ ഇക്കോ ടൂറിസം പദ്ധതികൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ. പ്രകാശ്, ലാൻഡ് യൂസേഴ്സ് ബോർഡ് കമീഷണർ നിസാമുദ്ദീൻ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ അടങ്ങുന്ന സമിതിയെയാണ് ഇതുസംബന്ധിച്ചുള്ള പഠനത്തിന് ചുമതലപ്പെടുത്തിയിരുന്നത്.

ഇക്കോ പാർക്ക്, സ്മാൾ ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ടുകൾ കൂടുതൽ കുടിവെള്ള പദ്ധതികൾ എന്നിവക്ക് സാധ്യതയുണ്ടെന്നും നദിയിൽ അഞ്ച് വലിയ തടയണകൾ നിർമിക്കുന്നതിനും നദിയുടെ നീർത്തടപദ്ധതിയിൽ വരുന്ന 456 കുളങ്ങളിൽ 250 എണ്ണം നവീകരിക്കുന്നതിനും 42 പ്രധാന തോടുകൾ സംരക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും പഠന റിപ്പോർട്ടിലുണ്ട്.

Tags:    
News Summary - vamanapuram river flows smoothly; Two crore in the budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.