തിരുവനന്തപുരം: ഗൾഫിൽനിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം തിരുവനന്തപുരത്ത് കൈമാറ്റം ചെയ്ത സംഭവത്തിൽ കൊല്ലം സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ മുഹമ്മദ് ഷാഹിദ് (28), സെയ്ദലി അലി (28) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ആറിന് ഗൾഫിലുള്ള കുറ്റ്യാടി സ്വദേശി ഇസ്മയിൽ സുഹൃത്തും കൊല്ലം സ്വദേശിയുമായ മുഹമ്മദ് ഷമീം വഴി കൊടുത്തുവിട്ട ഒരു കിലോ സ്വർണം തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. എയർപോർട്ടിൽ എത്തുമ്പോൾ സ്വർണം വാങ്ങാൻ തന്റെ സുഹൃത്തുക്കൾ എത്തുമെന്ന് ഇസ്മയിൽ ഷമീമിനെ അറിയിച്ചിരുന്നു.
എന്നാൽ, വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഷമീം ഇസ്മയിലിന്റെ കൂട്ടുകാരെ കാത്തുനിൽക്കാതെ പുറത്ത് കാത്തുനിന്ന കൊല്ലത്തെ തന്റെ സുഹൃത്തുക്കൾക്കൊപ്പം കടക്കുകയായിരുന്നു. ഇതിനിടയിൽ കരിക്കകത്തിനടുത്ത് പെട്രോൾ പമ്പിലെത്തിയ ശേഷം ഷമീം ഇസ്മയിലിനെ ഫോണിൽ ബന്ധപ്പെടുകയും പെട്രോൾ പമ്പിൽ വെച്ച് സ്വർണം തന്റെ കൈയിൽനിന്ന് മറ്റൊരുസംഘം തട്ടിയെടുത്തെന്ന് അറിയിക്കുകയും ചെയ്തു.
ഇസ്മയിൽ ഇക്കാര്യം വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന തന്റെ കൂട്ടുകാരെ അറിയിച്ചു. ഇവർ പെട്രോൾ പമ്പിലെത്തി ഷമീമും സംഘവുമായി വാക്കുതർക്കവും കൈയാങ്കളിയുമായി. പെട്രോൾ ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് 11പേരെ കസ്റ്റഡിയിലെടുത്തു.
ചോദ്യംചെയ്യലിൽ 13 പവന്റെ മാലയാണെന്നാണ് പൊലീസിനോട് ഇവർ പറഞ്ഞത്. സി.സി ടി.വി പരിശോധനയിലാണ് ഷമീമിൽനിന്ന് മുഹമ്മദ് ഷാഹിദ്, സെയ്ദലി അലി എന്നിവരുടെ നേതൃത്വത്തിലെ നാലംഗസംഘം കാറിലെത്തി ‘സ്വർണം പൊട്ടിച്ച’തായി കണ്ടെത്തിയത് (വിദേശത്തുനിന്ന് കൊണ്ടുവരുന്ന സ്വർണം മറ്റൊരു സംഘം തട്ടിയെടുക്കുന്ന രീതിയാണ് സ്വർണം പൊട്ടിക്കൽ).
തുടർന്ന് വാഹനത്തിന്റെ നമ്പർ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് മുഹമ്മദ് ഷാഹിദിനെയും സെയ്ദലി അലിയെയും പേട്ട സി.ഐ പ്രകാശിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഷാഹിദിനെയും സെയ്ദലി അലിയെയും ചോദ്യംചെയ്തപ്പോഴാണ് ഒരു കിലോയോളം സ്വർണമാണ് കൊണ്ടുവന്നതെന്ന് തെളിഞ്ഞത്. എന്നാൽ, തങ്ങൾ സ്വർണം പൊട്ടിച്ചതല്ലെന്നും എല്ലാം ഷമീമിന്റെ ആസൂത്രണമായിരുന്നെന്നുമാണ് ഇരുവരുടെയും മൊഴി.
പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് ഷമീം തങ്ങൾക്ക് സ്വർണമടങ്ങിയ ബാഗ് നൽകുകയെന്നും ഇവർ പറയുന്നു. സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ മുഹമ്മദ് ഷാഹിദും സെയ്ദലി അലിയും നേരത്തേയും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.