വർക്കല/തിരുവനന്തപുരം: കുടുംബത്തെ ഇരുട്ടിലാക്കിയ കെ.എസ്.ഇ.ബി ഒടുവിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. അയിരൂർ സ്വദേശി പറമ്പിൽ രാജീവിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി ഏറെ വൈകി കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് കുടുംബത്തെ ഇരുട്ടിലാക്കിയ വാർത്ത സന്ധ്യയോടെ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രി കെ. കൃഷ്‌ണൻകുട്ടിയും അഡ്വ. വി. ജോയി എം.എൽ.എയും ഇടപെട്ടതിനെതുടർന്നാണ് നടപടി ഉണ്ടായതും കെടാകുളം കെ.എസ്.ഇ.ബി ജീവനക്കാരെത്തി കണക്ഷൻ പുനഃസ്ഥാപിച്ചതും.
ശനിയാഴ്ച രാത്രിയിൽ വീട്ടിലെ ഇലക്ട്രിക് മീറ്ററിന് തീപിടിച്ചതിനെതുടർന്നുണ്ടായ സംഭവങ്ങളാണ് വിവാദമായത്.
പരിശോധിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് കാണിച്ച് പറമ്പിൽ രാജീവ് പൊലീസിൽ പരാതി നൽകിയതോടെയാണ് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാതെ ജീവനക്കാർ മടങ്ങിയതും ഒരു ദിവസം പൂർണമായും കുടുംബം ഇരുട്ടിലായതും. വാർത്ത പരന്നതോടെയാണ് അധികൃതരുടെ ഇടപെടലുണ്ടായത്.
ഞായറാഴ്ച രാത്രി പതിനൊന്നോടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തുകയും പന്ത്രണ്ടോടെ കണക്ഷൻ പുനസ്ഥാപിക്കുകയും ചെയ്തു.
തീപടർന്നതിന്റെ കാരണം കണ്ടെത്താൻ ആവശ്യപ്പെട്ടപ്പോൾ മദ്യപിച്ചെത്തിയ ലൈന്മാൻമാർ അസഭ്യം പറഞ്ഞതിനെ തുടർന്നാണ് അയിരൂർ പൊലീസിനെ വിവരമറിയിച്ചതെന്നാണ് രാജീവ് പറഞ്ഞത്.
അതേസമയം, കെ.എസ്.ഇ.ബി കെടാകുളം ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാർക്കെതിരെ അതിക്രമമുണ്ടായ വിഷയത്തിൽ ജീവനക്കാർ മദ്യപിച്ച് ഉപഭോക്താവിനോട് മോശമായി പെരുമാറിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് കെ.എസ്.ഇ.ബി. അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം ആരാഞ്ഞിട്ടില്ല.
ജീവനക്കാർ മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
ജീവനക്കാരെ ഉപഭോക്താവ് തടഞ്ഞുവെച്ചെന്നും അസഭ്യം പറഞ്ഞെന്നും കെ.എസ്.ഇ.ബി ആരോപിച്ചു. ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുംവിധമുള്ള അതിക്രമം ഉണ്ടായതിനാൽ അയിരൂർ പൊലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് എൻജിനീയർ നേരിട്ട് പരാതി നൽകിയെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.