തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊടുംവിഷമുള്ള 'കുഞ്ഞിത്തലയൻ കടൽപാമ്പി'നെ (ഗ്രേസ്ഫുൾ സ്മാൾ ഹെഡഡ് സീ സ്നേക്ക്- ഹൈഡ്രോഫിലിസ് ഗ്രേസിലിസ്) കണ്ടെത്തി. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കാണുന്ന 26 ഇനം കടൽപാമ്പുകളിലൊന്നാണിത്. ഇന്ത്യൻ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ, പേർഷ്യൻ ഗൾഫ്, സൗത്ത് ചൈനാ കടൽ, മലേഷ്യ, തായ്ലൻഡ്, ആസ്ത്രേലിയ എന്നിവിടങ്ങളിലാണ് ഈ പാമ്പിനെ കണ്ടുവരുന്നത്.
ജനുവരി എട്ടിന് തലസ്ഥാനത്തെ പക്ഷി നിരീക്ഷണ സംഘമായ വാർ ബ്ലേഴ്സ് ആൻഡ് വേഡേഴ്സിന്റ ആഭിമുഖ്യത്തിൽ വേളി മുതൽ പെരുമാതുറ വരെ നടത്തിയ നീർപ്പക്ഷി സെൻസസിനിടെയാണ് തീരത്ത് പാമ്പിനെ കണ്ടെത്തിയത്. വല കടിയൻ പാമ്പാണെന്ന് കരുതി ചിത്രങ്ങളെടുത്തശേഷം പാമ്പിനെ കടലിലേക്ക് വിട്ടു. പിന്നീട്, വിദഗ്ധരുമായി സംസാരിച്ചപ്പോഴാണ് കേരളത്തിൽ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ഇനം പാമ്പാണെന്ന് കണ്ടെത്തിയതെന്ന് പക്ഷി നിരീക്ഷകൻ സി. സുശാന്ത് പറഞ്ഞു.
ഉരഗവിദഗ്ധരായ സന്ദീപ് ദാസ്, ഡോ. ജാഫർ പാലോട്ട്, വിവേക് ശർമ എന്നിവരാണ് കുഞ്ഞിത്തലയൻ കടൽ പാമ്പിനെ തിരിച്ചറിഞ്ഞത്. ഇതിനുമുമ്പ് കേരള തീരത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ഈ ഇനം പാമ്പിന്റെ തല ചെറുതും ഉടൽ വലുതുമാണ്.
അതി വിഷമുള്ള ഇനത്തിലുള്ളതാണ് ഈ പാമ്പ്. സുശാന്തിനെ കൂടാതെ, എസ്.എൽ. ധനുഷ്, സന്തോഷ് കുമാർ, ജോബി കട്ടേല, ആര്യ മെഹർ, വി. വിവേക്, വിനോദ് തോമസ്, മോൻസി തോമസ്, കെ.എസ്. ജോസ്, ആർ.എസ്. ഗോകുൽ, ടി. ആദർശ് എന്നിവരാണ് കടൽ പാമ്പിനെ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.