തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കളത്തിൽ പ്രചാരണവിഷയങ്ങൾ മാറിമറിയുമ്പോഴും കൂട്ടിക്കിഴിച്ചും ഇഴകീറിയും ആകാംക്ഷയിലാണ് രാഷ്ട്രീയ ക്യാമ്പുകൾ. തിളച്ചുപൊന്തുന്ന ചൂടിനിടെ കഴിഞ്ഞരാത്രിയിൽ പെയ്ത മഴ മണ്ണുതണുപ്പിച്ചെങ്കിലും തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ ക്യാമ്പുകളുടെ ചൂട് അനുദിനം വർധിക്കുകയാണ്. സ്ഥാനാർഥികളെല്ലാം കളത്തിലാണ്. വോട്ടർപട്ടികയിൽ പേര് ചേർക്കൽ മുതൽ ചുവരെഴുത്തും ബോർഡ് സ്ഥാപിക്കലും പോസ്റ്ററൊട്ടിക്കലുമെല്ലാമായി പ്രചാരണരംഗം സജീവം. തീരസുരക്ഷ മുതൽ സോഫ്റ്റ്വെയർ കയറ്റുമതി വരെ നീളുകയാണ് മണ്ഡലത്തിലെ വികസന-ജനപക്ഷ വിഷയങ്ങൾ. സി.എ.എ മുതൽ കെജ്രിവാൾ വരെ ചൂടേറിയ ചർച്ചയാകുമ്പോൾ ഇടതുകൺവീനർ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുവരെ തിരുവനന്തപുരത്ത് പ്രതികരണമുണ്ടായി.
‘തിരുവനന്തപുരത്ത് തരൂർ തന്നെ’ എന്ന മുദ്രാവാക്യമുയർത്തിയാണ് യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിന്റെ പ്രചാരണം. യു.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുക്കുന്നതിന്റെ തിരക്കിലാണ് തരൂർ. നെയ്യാറ്റിൻകര, കോവളം കൺവെൻഷനുകളിൽ അദ്ദേഹം പങ്കെടുത്തു. കോവളത്ത് എം.എം. ഹസനും നെയ്യാറ്റിൻകരയിൽ സി.പി. ജോണുമായിരുന്നു ഉദ്ഘാടകർ. ഇടതുസ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ കഴക്കൂട്ടം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ വസതിയിലെത്തി സന്ദർശിച്ചു. തുടർന്ന് ആക്കുളത്തെ ഹിന്ദുസ്ഥാൻ ലാറ്റക്സിലെത്തിയ സ്ഥാനാർഥിക്ക് തൊഴിലാളികൾ ഉജ്ജ്വല വരവേൽപ്പ് നൽകി. കഴക്കൂട്ടത്തെ വിവിധ ആരാധനാലയങ്ങൾ സ്ഥാനാർഥി സന്ദർശിച്ചു. വൈകീട്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഇടതുയുവജന സംഘടനകൾ കഴക്കൂട്ടത്ത് നടത്തിയ നൈറ്റ് മാർച്ചിലും സ്ഥാനാർഥി പങ്കെടുത്തു.
തീരദേശമേഖലയിലടക്കം പ്രചാരണത്തിരക്കിലാണ് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. താൻ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നും അടുത്ത അഞ്ചുവർഷവും മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കുമെന്നുമാണ് പ്രചാരണങ്ങളിൽ അദ്ദേഹത്തിന്റെ ഉറപ്പ്. എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നെന്നാരോപിച്ച് ഇടതുമുന്നണി രംഗത്തെത്തിയത് ശനിയാഴ്ചയാണ്. തെളിവുകൾ സഹിതം തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകിയാണ് ഇടപെടൽ. 2009 ലെ തന്റെ കന്നി അങ്കത്തില്‍ തരൂര്‍ നേരിട്ടത് സി.പി.ഐയുടെ പി. രാമചന്ദ്രന് നായരെയും ബി.എസ്.പിയുടെ എ. നീലലോഹിതദാസന്‍ നാടാരെയുമായിരുന്നു. അന്ന് പി.കെ. കൃഷ്ണദാസായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി. 44.29 ശതമാനം വോട്ട് തരൂര്‍ പെട്ടിയിലാക്കിയപ്പോള്‍ രാമചന്ദ്രന് നായര്‍ക്ക് നേടാനായത് 30.74 ശതമാനം മാത്രമായിരുന്നു. മികച്ച വിജയം നേടിയ തരൂര്‍ വിദേശകാര്യ സഹമന്ത്രിപദത്തിലുമെത്തി.
2014ല്‍ സി.പി.ഐയുടെ ബെനറ്റ് എബ്രഹാമും ബി.ജെ.പിയുടെ ഒ. രാജഗോപാലുമായിരുന്നു തരൂരിന്റെ എതിരാളികള്‍. 34.09 ശതമാനം വോട്ടുനേടി തരൂര്‍ വിജയിച്ച െതരഞ്ഞെടുപ്പില്‍, 32.32 ശതാമാനം വോട്ട് നേടി രാജഗോപാല്‍ രണ്ടാംസ്ഥാനത്തെത്തി. 28.50 ശതമാനം വോട്ടേ ബെനറ്റ് എബ്രഹാമിന് നേടാനായുള്ളൂ. 2019ല്‍ മൂന്നാംവട്ടം തരൂര്‍ കളത്തിലിറങ്ങിയപ്പോള്‍ ബി.ജെ.പിയുടെ കുമ്മനം രാജശേഖരനും സി.പി.ഐയുടെ സി. ദിവാകരനുമായിരുന്നു എതിരാളികള്‍. 41.19 ശതമാനം വോട്ടുനേടി തരൂര്‍ മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ 31.30 ശതമാനം വോട്ടുനേടി കുമ്മനം രണ്ടാംസ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.