തിരുവനന്തപുരം: ആഴവും പരപ്പുമുള്ള ചർച്ചകളും അർഥപൂർണമായ അന്വേഷണങ്ങളുമായി നിയമസഭ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ലോക കേരളസഭക്ക് സമാപനം. 296 പ്രതിനിധികൾ പങ്കെടുത്ത മൂന്നാം ലോക കേരളസഭയിൽ 11 പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. 11ഉം സഭ ഐകകണ്ഠ്യേന അംഗീകരിച്ചു. രണ്ട് ദിവസങ്ങളിലായി 780 മിനിറ്റാണ് സഭാ നടപടികൾ നീണ്ടതെന്നും ഇതിൽ 570 മിനിറ്റും വിനിയോഗിച്ചത് ചർച്ചകൾക്കായാണെന്നും സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു.

ആകെ സമയത്തിന്‍റെ 73 ശതമാനവും ചർച്ചകളായിരുന്നു. മേഖലതല ചർച്ചകളിൽ 237 പ്രതിനിധികൾ പങ്കെടുത്തു. വിഷയാധിഷ്ഠിത ചർച്ചകളിൽ 234 പേരും പൊതുചർച്ചയിൽ 115 പ്രതിനിധികളും പങ്കാളികളായി. പങ്കെടുത്ത 296 പേർക്കും ചർച്ചക്ക് അവസരമുണ്ടായി. ആകെ 316 നിർദേശങ്ങളാണ് ഉയർന്നത്. ഈ രേഖകളെല്ലാം ഇ-മെയിലായി പ്രതിനിധികൾക്ക് ലഭ്യമാകുമെന്നും സ്പീക്കർ അറിയിച്ചു.

ലോക മലയാളി സമൂഹത്തിന് ഒറ്റമനസ്സാണെന്നും സകല മലയാളികളും ഏകോദര സഹോദരങ്ങളാണെന്നുമുള്ള ഒരുമയുടെ സന്ദേശവുമായാണ് സഭാ സമ്മേളനം സമാപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുമിച്ച് നിന്നാൽ അസാധ്യമായതായി ഒന്നുമില്ല. ഏത് പ്രതികൂല സാഹചര്യവും അതിജീവിച്ച് അസാധ്യമായതിനെ സാധ്യമാക്കാനാകും. ഏത് നാട്ടിൽ ജീവിച്ചാലും ആ നാടിനെക്കുറിച്ച് മാത്രമല്ല, കേരളത്തെയും ഇവിടെ ജീവിക്കാൻ വിഷമിക്കുന്നവരുടെയും കൂടി കരുതൽ പ്രവാസികൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. ഇത് പൂർണമായതോതിൽ പ്രയോജനപ്പെടുത്താൻ കേരളത്തിന് സാധിച്ചിട്ടില്ല.

കേരളം പ്രവാസി സമൂഹത്തെയും അവർ കേരളത്തെയും നെഞ്ചോട് ചേർക്കുന്ന സ്ഥിതിയുണ്ടായി. ഇത് പ്രവാസികളിലും അവരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കേരളീയ സമൂഹത്തിലും പുതിയ ചൈതന്യം പകർന്നു. വരും നാളുകളിൽ വികസനമായും വിജ്ഞാനമായും ക്ഷേമ നടപടികളായും കേരളത്തിന്‍റെ എല്ലാതലങ്ങളിലും അത് പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സാധ്യതകളിലേക്ക് വഴിതുറന്നും വിലയിരുത്തിയും പ്രതിനിധികൾ

തിരുവനന്തപുരം: വരുംകാലങ്ങളിലെ പ്രവാസസാധ്യതകളിലേക്ക് വഴിതുറന്നും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയും ലോക കേരളസഭയിലെ ചർച്ചകൾ. പുതു സാധ്യതകളിലേക്ക് യുവാക്കളെ സജ്ജമാക്കുന്നതിന് വിദ്യാഭ്യാസം, അറിവ് എന്നിവക്കൊപ്പം വിദഗ്ധ കഴിവുകൾ ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് ആസാദ് മൂപ്പൻ പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികൾക്ക് പ്രത്യേക പ്രവാസി ഇൻഷുറൻസ് ഏർപ്പെടുത്തണം. പങ്കാളിത്ത ഇൻഷുറൻസ് പദ്ധതികൂടി ഇതിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികൾക്കുള്ള നിക്ഷേപ പദ്ധതികൾക്ക് ഊർജം പകരണമെന്നും സ്ഥിരവരുമാനം ഉറപ്പാക്കാൻ ഇതുവഴി സാധിക്കണമെന്നും ജെ.കെ. മേനോൻ പറഞ്ഞു. മലയാളികൾ മറ്റ് രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുമ്പോൾ കേരളത്തിന്‌ നഷ്ടമാകുന്നത് നല്ല മാനവ വിഭവശേഷിയെയാണ്. ഇത് നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്ഷേപം നടത്തുമ്പോൾ സ്വന്തം പേരിൽ തുടങ്ങി ലാഭമുണ്ടാക്കുന്നതിനെക്കാൾ അത് പൊതുജനങ്ങൾക്ക് ഗുണം നൽകുന്ന സർക്കാർ മേഖലക്ക് സമർപ്പിക്കാനാണ് താൻ താൽപര്യപ്പെടുന്നതെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. അഞ്ചലിലെ ആരോഗ്യകേന്ദ്രങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടത്തിയ ശ്രമങ്ങളെ പരാമർശിച്ചാണ് ഇക്കാര്യം പറഞ്ഞത്.

ഗോകുലം ഗോപാലൻ, അഷ്‌റഫ് താമരശ്ശേരി, കുവൈത്തിൽ നഴ്‌സായി ജോലി ചെയ്യുന്ന ഗീതകുമാരി തുടങ്ങിയവരും സംസാരിച്ചു.

Tags:    
News Summary - Loka Kerala Sabha concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.