തിരുവനന്തപുരം: സ്വയം പ്രഖ്യാപിത ക്വാറൻറീനിലിരുന്ന് മലയാളത്തിെൻറ നടന വൈഭവം മധുവിന് 88ാം ജന്മദിന മധുരം. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും കണ്ണമ്മൂലയിലെ 'ശിവഭവനം' വീട്ടിൽ ഒതുങ്ങുന്നതായിരുന്നു ജന്മദിനാഹ്ളാദം. തീയതി പ്രകാരം ഇന്നലെയാണ് ജന്മദിനം എങ്കിലും പിറന്നാളായ കന്നിമാസത്തിലെ 'ചോതി'ക്ക് ഇനിയും കാത്തിരിക്കണം. അത് ഒക്ടോബർ എട്ടിനാണ്.കോവിഡ് കാലം തുടങ്ങിയതിൽപിന്നെ സ്വയം പ്രഖ്യാപിത ക്വാറൻറീനിലാണ്. യാത്രകൾക്കു സ്വയം വിലക്ക് പ്രഖ്യാപിച്ചു. അഭിനയത്തിനുപോലും ഏതാണ്ട് ലോക്ഡൗൺ. എന്നാൽ, 'വൺ' എന്ന ചിത്രത്തിൽ നായകനായ മമ്മൂട്ടിയുടെ നിർബന്ധം കണക്കിലെടുത്ത് അഭിനയിച്ചു.
'മുമ്പൊക്കെ കുടുംബ ക്ഷേത്രത്തിൽ പിറന്നാൾ ദിവസങ്ങളിൽ ദർശനം നടത്താറുണ്ടായിരുന്നു. എന്നാൽ, കോവിഡ് ആയതോടെ കഴിഞ്ഞ രണ്ടുവർഷമായി അതും വേണ്ടെന്ന് െവച്ചു. എങ്കിലും വീട്ടിൽ ചെറുമകൻ വിശാഖും മകൾ ഉമയും സമ്മാനിച്ച കേക്കുകൾ മുറിച്ചുകൊണ്ട് പിറന്നാൾ ഗംഭീരമാക്കി'-മധു പറഞ്ഞു. 'വായനയാണ് ഇപ്പോഴത്തെ പ്രധാന ഇഷ്ടം. ആഴ്ചപ്പതിപ്പുകൾ മുതൽ ക്ലാസിക് കൃതികൾ വരെ വായനയിലുണ്ട്. പിന്നെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ എത്തുന്ന സിനിമകൾ കാണും. ഇന്ദ്രൻസ് അഭിനയിച്ച 'ഹോം' കണ്ടു. വലിയ ബഹളമൊന്നുമില്ലാത്ത ചിത്രം. കുറേ കാലത്തിനുശേഷം കണ്ട ആശ്വാസം അതായിരുന്നു. ടി.വിയിൽ സിനിമയൊക്കെ കണ്ട് പാതിരാത്രി കഴിഞ്ഞാണ് ഉറക്കം -മധു തുടർന്നു. മമ്മൂട്ടി, മോഹൻലാൽ, മനോജ് കെ. ജയൻ തുടങ്ങിയവർ ഫോണിൽ വിളിച്ചു പിറന്നാൾ ആശംസ നേർന്നു. സാംസ്കാരിക മന്ത്രി സജി ചെറിയാനും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും നേരിട്ട് വീട്ടിലെത്തി ആശംസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.