തിരുവനന്തപുരം: മണക്കാട് ശ്രീവരാഹം ക്ഷേത്രത്തിനുസമീപം സുബ്രഹ്മണ്യ അയ്യരുടെ വീട്ടിൽ നിന്ന് 87.5 പവൻ സ്വർണം കവർന്ന സംഭവത്തിൽ കൂട്ടാളിയായ സ്ത്രീയും പിടിയിലായി. മോഷണ സ്വർണം വിൽക്കാൻ സഹായിച്ച കാട്ടാക്കട കോട്ടൂർ സ്വദേശിനി ബീമാകണ്ണിനെയാണ് (47) പിടികൂടിയതെന്ന് ഫോർട്ട് അസി.കമീഷണർ ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
മോഷണം നടത്തിയ നെടുമങ്ങാട് പത്താംകല്ല് സ്വദേശി ഫെഫീഖിനെ (34) തിങ്കളാഴ്ച രാത്രി കുമാരപുരത്തെ ലോഡ്ജിൽ നിന്ന് പിടികൂടിയിരുന്നു. രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി തന്നെ ഷെഫീഖുമായി പൊലീസ് കോട്ടൂരിലെത്തി ബീമാകണ്ണിന്റെ വീട്ടിൽ നിന്ന് തൊണ്ടിമുതൽ പിടിച്ചെടുത്തു. 17പവൻ കാട്ടാക്കടയിലെ രണ്ട് ജ്വല്ലറികളിലായി വിറ്റെന്നും ബീമാകണ്ണ് സമ്മതിച്ചു.
ഷെഫീഖിന്റെ സുഹൃത്ത് വഹാബിന്റെ ഭാര്യയാണ് ബീമാകണ്ണ്. മോഷണത്തിനുമുമ്പും ശേഷവും ഷഫീഖ് കോട്ടൂരിലെ വീട്ടിലെത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.
ബുധനാഴ്ച സുബ്രഹ്മണ്യ അയ്യരുടെ മകൻ രാമകൃഷ്ണന്റെ മകന്റെ ഉപനയന ചടങ്ങ് നടന്നിരുന്നു. ഇതിനായി വീട്ടിലെ സ്ത്രീകൾക്ക് ധരിക്കാനാണ് ലോക്കറിൽ നിന്ന് സ്വർണം എടുത്തത്. വ്യാഴാഴ്ച രാവിലെ കുടുംബം ക്ഷേത്ര ദർശനത്തിനുപോയി. വെള്ളിയാഴ്ച ഉച്ചക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.
ക്ഷേത്ര ദർശനം കഴിഞ്ഞെത്തിയ ശേഷം ലോക്കറിലേക്ക് മാറ്റാനുള്ള സ്വർണം സുബ്രഹ്മണ്യ അയ്യരുടെയും രാമകൃഷ്ണന്റെയും മുറിയിലെ അലമാരകൾക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. പ്രതി വീടിന്റെ വാതിലുകൾ പൊളിക്കാതെ തുറന്നുകിടന്ന വാതിലിലൂടെ അകത്തേക്ക് കയറുകയായിരുന്നു.
സ്വർണം സൂക്ഷിച്ചിരുന്ന അലമാരകളുടെ താക്കോലും അവിടെ തന്നെ ഉണ്ടായിരുന്നതും പ്രതിക്ക് മോഷണം എളുപ്പമാക്കി. ലഹരിക്കടിമയാണ് പ്രതി. അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിനിടെ, പൂട്ടിക്കിടക്കുന്ന വീട് ശ്രദ്ധയിൽപെട്ടതോടെയാണ് അവിടെ കയറിയതെന്നും പൊലീസിന് മൊഴി നൽകി. ഷെഫീഖ് ഫോർട്ട് സ്റ്റേഷനിൽ നരഹത്യ കേസിലും വലിയതുറയിൽ പീഡനക്കേസിലും വഞ്ചിയൂരിൽ മോഷണക്കേസിലും പ്രതിയാണ്. സ്വർണം കാട്ടാക്കടയിലെ രണ്ട് ജ്വല്ലറികളിൽ നിന്നായി അന്വേഷണ സംഘം കണ്ടെത്തി.
ഷെഫീക്ക് സ്വർണം വിൽക്കാനേൽപിച്ച ബീമാകണ്ണിനെ അന്വേഷണസംഘം സ്വർണക്കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കട ഉടമകൾ പ്രതിയെ തിരിച്ചറിഞ്ഞു. ജ്വല്ലറിയിൽ പ്രതി എത്തിയ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മരുമകന് വിദേശത്ത് പോകാനുള്ള പണം സ്വരൂപിക്കാനാണ് സ്വർണം വിൽക്കുന്നതെന്നാണ് ഇവർ ജ്വല്ലറി ജീവനക്കാരെ അറിയിച്ചത്. പ്രതിയെ കോട്ടൂരിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.