തിരുവനന്തപുരം: ജില്ലയിൽ കാൽ ലക്ഷം പുതിയ സമ്മതിദായകർ. പുതുക്കിയ വോട്ടർ പട്ടിക പ്രകാരം 28,37,653 പേരാണ് ആകെയുള്ളത്. ഇതിൽ 25,557 പേർ യുവ വോട്ടർമാരാണ്. 2014 ഒക്ടോബർ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ നിന്നാണ് പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കി അന്തിമ പട്ടിക പുറത്തിറക്കിയത്.
സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ കാലയളവിൽ 18,489 അപേക്ഷകളാണ് ലഭിച്ചത്. തിരുവനന്തപുരം, കഴക്കൂട്ടം നിയോജക മണ്ഡലങ്ങളിലെ വോട്ടർപട്ടിക വാർത്താസമ്മേളനത്തിന് ശേഷം വിതരണം ചെയ്തു. മറ്റ് നിയോജക മണ്ഡലങ്ങളിലേത് അതത് താലൂക്കുകളിൽനിന്ന് വിതരണം ചെയ്യും.
യുവ വോട്ടർമാരെ വോട്ടർപട്ടികയിൽ കൂടുതലായി ഉൾപ്പെടുത്തുന്നതിന് കോളജുകളിലും മറ്റ് പൊതുവിടങ്ങളിലും ബോധവത്കരണവും പ്രചാരണ പരിപാടികളും നടത്തുമെന്ന് കലക്ടർ അനുകുമാരി അറിയിച്ചു. വോട്ടർപട്ടികയിൽ യുവാക്കളെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലും ബോധവത്കരണം നടത്തുന്നുണ്ട്.
അർഹരായ മുഴുവൻ വോട്ടർമാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടി തുടരും. മരിച്ച വ്യക്തികളുടെ പേരുകൾ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.
സബ് കലക്ടർ ആൽഫ്രഡ് ഒ.വി, എ.ഡി.എം ടി.കെ. വിനീത്, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.