മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരം തെരുവുനായ്ക്കളുടെ പിടിയില്‍. ശ്രീചിത്ര, ആര്.സി.സി, എസ്.എ.ടി, കോളജ് ഗ്രൗണ്ടിന് സമീപം എന്നിവിടങ്ങളിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന ആക്രി വാഹനങ്ങളുടെ അടിഭാഗം, സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക്, മോര്‍ച്ചറി പരിസരം, കമ്യൂണിറ്റി ഫാര്‍മസി, അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറി പരിസരങ്ങള്‍ എന്നിവിടങ്ങളിലാണ് നായ്ക്കള്‍ ഏറെയും. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണി സൃഷ്ടിക്കുകയാണ്.
പകല്‍ സമയങ്ങളില്‍പോലും ആശുപത്രിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ നായ്ക്കളുടെ ആക്രമണങ്ങളില്‍ പരിക്കേറ്റ് ചികിത്സ തേടിയ സംഭവങ്ങളും നിരവധിയാണ്.
എസ്.എ.ടി ആശുപത്രി സമുച്ചയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫാര്‍മസിക്ക് സമീപം നായ് ശല്യം രൂക്ഷമാണ്. രാപകല്‍ ഭേദമില്ലാതെ ഇരുപതോളം നായ്ക്കളാണ് ഫാര്‍മസിക്ക് മുന്നിലുള്ളത്. മരുന്ന് വാങ്ങാനെത്തുന്നവര്‍ തലനാരിഴക്കാണ് ഇവയുടെ ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെടുന്നത്. ഫാര്‍മസിക്ക് സമീപം ഉച്ചസമയങ്ങളില്‍ ആഹാരം വിതരണം നടക്കുന്നതിനാലാണ് നായ്ക്കള്‍ ഇവിടെ തമ്പടിക്കാൻ പ്രധാന കാരണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. നായ്ക്കള്‍ കൂട്ടംചേര്‍ന്ന് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭീഷണി ഉയര്‍ത്തുമ്പോഴും ഫലപ്രദമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. നായ്ക്കളെ വിരട്ടിയോടിക്കുന്ന കാര്യത്തില്‍ സുരക്ഷാ ജീവനക്കാര്‍പോലും തയാറാകുന്നില്ലെന്നും രോഗികൾ പറയുന്നു.
ഭക്ഷണസാധനങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, നായ്ക്കള്‍ക്ക് പൊതുയിടങ്ങളില്‍ ഭക്ഷണ വസ്തുക്കൾ വിതരണം ചെയ്യാതിരിക്കുക, അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണം ചെയ്ത് പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുക തുടങ്ങിയവയിലൂടെ ഒരുപരിധിവരെ മെഡിക്കല്‍ കോളജിലും ആശുപത്രി പരിസരങ്ങളിലും തെരുവുനായ് ശല്യം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പൊതുജനാഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.