തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ അക്ഷരപൂരത്തിൽ ഈണങ്ങളുടെ ഈറൻനിലാവും മെലഡികളുടെ തേൻമലർമണവും നിറച്ച ‘മാധ്യമം’ മെഹ്ഫിൽ ദർബാർ. നിയമസഭയിലെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായാണ് പുതുതലമുറയിലെ ജനപ്രിയഗായകരായ ഹിഷാം അബ്ദുൽ വഹാബ്, ഗായത്രി അശോക്, ജാസിം ജമാൽ എന്നിവർ ചേർന്ന് പാട്ടിന്റെ പൂമരം തീർത്തത്.
സ്പീക്കർ എ.എൻ. ഷംസീർ സംഗീതനിശ ഉദ്ഘാടനം ചെയ്തു. വായനയാണ് ലഹരി എന്ന് പുസ്തകോത്സവം അടിവരയിട്ടുവെന്നും ജനകീയ പങ്കാളിത്തത്തോടെയാണ് പുസ്തകോത്സവം വിജയിപ്പിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ സെക്രട്ടറി എ.എം. ബഷീർ, മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ്, റീജനൽ മാനേജർ ബി. ജയപ്രകാശ്, ബ്യൂറോ ചീഫ് ഇ. ബഷീർ എന്നിവർ സംബന്ധിച്ചു.
തുടർന്നാണ് മെഹ്ഫിൽ ദർബാറിന് ഇതൾ വിടർന്നത്. ഗായകരെ കൈയടികളോടെയാണ് സദസ്സ് എതിരേറ്റത്. ഹിഷാം അബ്ദുൽ വഹാബ് സ്വയം ചിട്ടപ്പെടുത്തിയ ഗാനങ്ങൾകൊണ്ട് സദസ്സിനെ കൈയിലെടുത്തു. ഗായത്രി അശോക് മെലഡികളുടെ ഹൃദയ രാഗങ്ങളുമായി സദസ്സിന്റെ മനംതൊട്ടു. അനുഗൃഹീത സ്വരങ്ങളുമായി ജാസിം ജമാലും യുവാക്കളെ ഇളക്കി മറിച്ചു.
നിറഞ്ഞുതുളുമ്പിയ ഗൃഹാതുരമായ മധുരസ്വരങ്ങളും ഗസലും ഒപ്പം മാറുന്ന കാലത്തിനും അഭിരുചിക്കും ആസ്വാദന ശീലങ്ങൾക്കും ആവേശമേകുന്ന സ്വരധാരയും ചേർന്ന വിസ്മയനിശയായിരുന്നു നിയമസഭ ശങ്കരനാരായണൻ തമ്പി മെംബേഴ്സ് ലോഞ്ചിൽ അരങ്ങേറിയത്.
നിയമസഭാങ്കണത്തിലെ അലങ്കാര ദീപങ്ങൾ കണ്ണുകൾക്ക് വിരുന്നായെങ്കിൽ സ്റ്റേഡിയത്തിനുള്ളിലെ മധുരസംഗീതം ഹൃദയങ്ങൾക്ക് നിറവായി. ആസ്വാദക പങ്കാളിത്തവും സദസ്സിന്റെ ഹൃദയസാന്നിധ്യവും കൂടിയാതോടെ സംഗീതവിരുന്ന് ഏറെ ഹൃദ്യവും.
ടൈറ്റിൽ സ്പോൺസർ ബോബി ചെമ്മണ്ണൂർ, ഭീമ ഗ്രൂപ് മാർക്കറ്റിങ് ഹെഡ് വിനോദ് കുമാർ , ജ്യോതിസ്സ് ഗ്രൂപ് ഓഫ് സ്കൂൾസ് ചെയർമാൻ ഡോ. ജ്യോതിസ്സ് ചന്ദ്രൻ, ബനാസ് ഫർണിചർ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷാ, രാജ്കുമാരി ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്ത് ജിയാദ്, ഫോർട്ട് മാനർ എച്ച്.ആർ മാനേജർ രാജൻ ഡാനിയേൽ എന്നിവർക്ക് ചടങ്ങിൽ സ്പീക്കർ സ്നേഹോപഹാരം നൽകി.
2023ൽ നടക്കുന്ന കമോൺ കേരളയുടെ വിഡിയോ ലോഞ്ചിങ്ങും ചടങ്ങിൽ സ്പീക്കർ നിർവഹിച്ചു. നിയമസഭയുടെ ഉപഹാരം സ്പീക്കറിൽനിന്ന് മാധ്യമം സി.ഇ.ഒ പി.എം സ്വാലിഹ് ഏറ്റുവാങ്ങി. മാധ്യമത്തിന്റെ ഉപഹാരം സ്പീക്കർ എ.എൻ. ഷംസീർ, നിയമസഭ സെക്രട്ടറി എ.എം. ബഷീർ എന്നിവർക്ക് സമ്മാനിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കം പ്രമുഖരുടെ നിര സംഗീത വിരുന്ന് ആസ്വദിക്കാനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.