വർഷങ്ങൾക്ക് മുമ്പ് അഗസ്ത്യമലക്ക് താഴെ അമ്പൂരി മലമടക്കുകളില്‍ ജീവിതം കരുപ്പിടിപ്പിക്കാൻ കോട്ടയത്ത് നിന്ന് വര്‍ക്കിയും ഭാര്യ കത്രീനയും ഉള്‍പ്പെട്ട മൂന്നുനാല് കുടുംബങ്ങളെത്തി. ആളൊഴിഞ്ഞ കാട്ടില്‍ കാട്ടുമൃഗങ്ങളെ ഭയന്ന് മരക്കൊമ്പില്‍ ഏറുമാടം കെട്ടി. കരിമണലില്‍ വിത്തുപാകി. വിവാഹം കഴിഞ്ഞ ആദ്യനാളുകളിലായിരുന്നു വര്‍ക്കി അമ്പൂരിയിലെത്തിത്. ഒപ്പം സഹോദരനും ഭാര്യയും കൂട്ടിനുണ്ടായിരുന്നു. കാട് തെളിച്ച് കപ്പയും ഇഞ്ചിയും നട്ടു. ഇതിനിടെ വര്‍ക്കിയുടെ ഭാര്യ ഗര്‍ഭിണിയായി, മൂന്നുമാസം തികയും മുമ്പ് തന്നെ അലസി. ഇത് മൂന്നുവട്ടം തുടര്‍ന്നു. നാലാമത് ഗര്‍ഭിണിയായപ്പോള്‍ ഭാര്യ കത്രീനയെ നാട്ടിലേക്ക് മടക്കി.
തോട്ടം പൂവിട്ട് തുടങ്ങും മുമ്പ് വർക്കിയുടെ സഹോദരന്‍ ദേവസ്യയുടെ ഭാര്യ മലമ്പനി ബാധിച്ചു മരിച്ചു. ഏറെ കഴിയുംമുമ്പ് ദേവസ്യയെ കാട്ടാന ചവിട്ടിക്കൊന്നു. ഇതിനിടെ മലമ്പനി രൂക്ഷമായി അമ്പൂരിയെയും പരസരങ്ങളെയും കീഴടക്കി. ഒടുവിൽ വര്‍ക്കിക്കും ഒപ്പം എത്തിയവര്‍ക്കും കാടിറങ്ങേണ്ടിവന്നു. മലമ്പനിയും കാട്ടുമൃഗശല്യവും ഇവരുടെ അതിജീവനത്തെ തകർത്തു. എല്ലാം ഉപേക്ഷിച്ച് അവര്‍ മലയിറങ്ങി. അങ്ങനെ അമ്പൂരിയിലെ ആദ്യ കുടിയേറ്റകര്‍ഷകര്‍ക്ക് കഷ്ടിച്ച് രണ്ട് വര്‍ഷം പോലും ഇവിടെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.
കാണിക്കാരായ ആദിവാസികളുടെ മണ്ണില്‍ പരിഷ്കൃത മനുഷ്യരുടെ ആദ്യ കുടിയേറ്റം 1930 കളിലാണ്. പരാജയങ്ങളെ വെല്ലുവിളിച്ച് ഈ മണ്ണിലേക്ക് വീണ്ടും പലരുമെത്തി. ചിലര്‍ക്ക് സര്‍വതും നഷ്ടപ്പെട്ടു. വളരെ കുറച്ചുപേര്‍ എല്ലാം അതിജീവിച്ചു. കാടുമൂടിയ അമ്പൂരിയുടെ ചരിത്രം അവര്‍ മാറ്റിയെഴുതി.
സമൃദ്ധിയുടെ നൂറും പാലും ചുരത്തുന്ന റബര്‍ കാടുകള്‍, വിദേശ പണം കൊണ്ടുവരുന്ന കാപ്പി, കുരുമുളക്, മറ്റ് സുഗന്ധ ദ്രവ്യങ്ങള്‍, തിരുവിതാംകൂറിന്‍റെ പട്ടിണി മാറ്റിയ മരിച്ചീനി തോട്ടങ്ങള്‍, കതിരിട്ട പാടങ്ങള്‍ അങ്ങനെ.. കാര്‍ഷിക കലവറയുടെ രോമാഞ്ചമായി അമ്പൂരി മാറി. നൂതന കൃഷിരീതിയുടെ പരീക്ഷണശാലയായി അമ്പൂരി.
കഠിനാധ്വാനികളായ കര്‍ഷകര്‍ ആദായങ്ങളുടെ അനുഭവങ്ങൾ അയല്‍ഗ്രാമങ്ങളിലേക്കും കൈമാറി. വിലത്തകര്‍ച്ചയില്‍ താളംതെറ്റിയപ്പോഴും വിളവ് കൈവിടാതെ അവര്‍ കാത്തു. കണ്ണീര് കൊയ്ത് കൃഷിയോടും ജീവിതത്തോടും കര്‍ഷകര്‍ വിടചൊല്ലുന്ന കാലത്തും അമ്പൂരിയുടെ പച്ചപ്പ് കരിഞ്ഞില്ല. മണ്ണിനോട് തോറ്റോടിയ ചരിത്രം ഇവര്‍ക്കില്ല. പക്ഷേ പൊരുതാന്‍ സ്വന്തം മണ്ണിെല്ലന്നറിയുമ്പോള്‍ ഈ മണ്ണിന്‍റെ മക്കള്‍ തളരുന്നു. ഒരു നൂറ്റാണ്ടോടടുക്കുന്ന പൊന്നുവിളയിച്ച മണ്ണില്‍ ഇവര്‍ ഇന്നും അന്യരെന്നതാണ് ഇവരുടെ വേദന. ഒരു ദശാബ്ദം മുമ്പ് വരെ കൃഷിചെയ്തിരുന്ന ഭൂമിക്ക് അധികാരികള്‍ കുത്തകപാട്ടം വ്യവസ്ഥയില്‍ നികുതി ഈടാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴതുമില്ല.
പിറന്ന മണ്ണിന്‍റെ അവകാശം സ്ഥാപിച്ചുകിട്ടുമെന്ന നേരിയ പ്രതീക്ഷ പോലും പുതിയ തലമുറക്കിന്നില്ല. വര്‍ഷങ്ങളായി കൈവശം െവച്ചനുഭവിച്ചുവരുന്ന 900 ത്തോളം ഏക്കര്‍ ഭൂമിയുടെ പട്ടയത്തിനായി 2000 ത്തോളം കുടുംബങ്ങള്‍ മുട്ടാത്ത വാതിലുകളില്ല. തിരുവിതാംകൂറിന്‍റെ 36 കാണി കുടുംബങ്ങള്‍ക്ക് കരം ഒഴിവാക്കി ദാനമായി കിട്ടിയതിൽ ഉള്‍പ്പെട്ടതാണ് ഈ ഭൂമി. എട്ടുവീട്ടിൽപിള്ളമാരെ ഭയന്നോടിയ മാര്‍ത്താണ്ഡവർമ മഹാരാജാവിനെ രക്ഷിച്ചതിനുള്ള പാരിതോഷികം.
രാജാവിന് അഭയമേകിയ ആദിവാസി ഊരിലെ 36 കുടുംബങ്ങള്‍ക്കായി 36,000 ഏക്കര്‍ ഭൂമി പതിച്ചുനല്‍കുകയായിരുന്നു. കൃഷിയില്‍ താല്‍പര്യമില്ലാത്ത കാണിക്കാര്‍ ഭൂമി തരിശിട്ടു. ക്രമേണ അത് കാടായി. കോട്ടയം, പാല, തൊടുപുഴ, ചങ്ങനാശ്ശേരി, വാഴൂര്‍ പ്രദേശങ്ങളില്‍ നിന്ന് വളരെ കുറച്ച് കുടുംബങ്ങളാണ് ആദ്യകാലത്ത് ഇവിടെ കുടിയേറിയത്. രണ്ടാം ലോക മഹായുദ്ധം സമ്മാനിച്ച ദുരിതം നാടിനെ പട്ടിണിയിലാഴ്ത്തിയപ്പോള്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ തരിശുഭൂമികളില്‍ കൃഷിയിറക്കാന്‍ കര്‍ഷകരോട് ആഹ്വാനം ചെയ്തു.
രാജകല്‍പനയെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ അമ്പൂരിയില്‍ കുടിയേറിയത്. ഇതില്‍ പലരും പണം നല്‍കിയാണ് ആദിവാസികളില്‍ നിന്ന് ഭൂമി വാങ്ങിയത്. പൊന്നുവിളയുന്ന മണ്ണ് കുടിയേറ്റകര്‍ഷകരെ കനിഞ്ഞനുഗ്രഹിച്ചു. അവരുടെ ജീവിതത്തില്‍ വീണ്ടും പ്രതീക്ഷകള്‍ നാമ്പിട്ടു. അക്കാലത്ത് നെയ്യാറ്റിന്‍കര താലൂക്കില്‍ മഴയെ ആശ്രയിച്ചുമാത്രമായിരുന്നു കൃഷി. കടുത്ത വേനലില്‍ പലപ്പോഴും കൃഷി കരിഞ്ഞുണങ്ങി. ജലസേചന സൗകര്യത്തിന്‍റെ അപരാപ്തത കൃഷിയെ പോഷിപ്പിക്കുന്നതിനും കൃഷി വ്യാപിപ്പിക്കുന്നതിനും തടസ്സമായി.
ഇതിന് പരിഹാരം കാണാന്‍ നെയ്യാറിനുകുറുകെ അണക്കെട്ട് പണിയണമെന്ന ആവശ്യമുയര്‍ന്നു. അന്ന് തിരു-കൊച്ചി ജലസേചനമന്ത്രി ആയിരുന്ന ജി. ചന്ദ്രശേഖരപിള്ള അണെകട്ടുന്നതിനുള്ള കാര്യങ്ങള്‍ വേഗത്തിലാക്കി. 1948ല്‍ അണക്കെട്ട് പണിയാന്‍ ശിലയിട്ടു. കര്‍ഷകർക്കായി കെട്ടിയുയർത്തിയ അണക്കെട്ട് പക്ഷേ കുടിയേറ്റ കര്‍ഷകരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുകയായിരുന്നു. റിസർവോയറിൽ വെള്ളം നിറഞ്ഞതോടെ പകലന്തിയോളം വിയര്‍പ്പൊഴുക്കി വിളയിച്ച പലരുടെയും അധ്വാനം വെള്ളംകയറി നശിക്കാൻ തുടങ്ങി.
വര്‍ക്കിയുടെ ആദ്യ കണ്‍മണി ഏലിക്കുട്ടി (75) ഇപ്പോഴും അമ്പൂരിയിലുണ്ട്. സ്വന്തം കൂരയും വിളകളും അണവിഴുങ്ങിയപ്പോള്‍ വര്‍ക്കി ഭാര്യെയയും മക്കെളയും കൂട്ടി അമ്പൂരിയിലെ സുരക്ഷിത താവളത്തിലേക്ക് മാറി. പൂത്തുലഞ്ഞ തെങ്ങുകളും കമുകും എല്ലാം വെള്ളത്തിനടിയിലായപ്പോള്‍ അമ്മ കത്രീനയുടെയും അച്ചന്‍ വര്‍ക്കിയുടെയും തോരാത്ത കണ്ണുനീര്‍ വാർധക്യത്തിലും ഏലിക്കുട്ടിയെ കണ്ണീരണിയിക്കുന്നു. തുടരും......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.