തിരുവനന്തപുരം: യാത്രക്കാരിയോട് മോശമായി പെരുമാറിയതിനും ഭീഷണിപ്പെടുത്തി ഓട്ടോയില്‍നിന്ന് ഇറക്കിവിട്ടതിനും ഓട്ടോഡ്രൈവര്‍ വെടിവച്ചാംകോവില്‍ സ്വദേശി കെ. സജികുമാറിനെതിരെ (53) പൊലീസ് നടപടി. ഓട്ടോഡ്രൈവറില്‍നിന്ന് 3,250 രൂപ പിഴയീടാക്കിയ തമ്പാനൂര്‍ പൊലീസ് ഇയാളുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള ശിപാര്‍ശ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറി.
വള്ളക്കടവ് സ്വദേശി കുഞ്ഞുമോന്റെ പേരിലുള്ള ഓട്ടോറിക്ഷയാണ് സജികുമാര്‍ പെര്‍മിറ്റില്ലാതെ നഗരത്തില്‍ ഓടിച്ചിരുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ കഴിഞ്ഞ അഞ്ചിനാണ് സംഭവം. തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ വന്നിറങ്ങിയ യുവതി സ്റ്റേഷന് വളപ്പിലുള്ള പ്രീപെയ്ഡ് കൗണ്ടറില്‍നിന്ന് ടോക്കണെടുത്തു. 1.3 കിലോമീറ്റര്‍ ദൂരത്തിനായി 35 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്.
പ്രീപെയ്ഡ് കൗണ്ടറില്‍ ചുമതലയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഓട്ടോയുടെ നമ്പര്‍ രേഖപ്പെടുത്തുകയും അതില്‍ കയറാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ചെന്നിറങ്ങേണ്ട സ്ഥലം പറഞ്ഞ സമയം മുതല്‍ ഡ്രൈവര്‍ യാത്രക്കാരിയോടു ദേഷ്യത്തോടെ അട്ടഹസിക്കുകയും പരിഹസിക്കുകയും വഴിയില്‍ ഇറക്കിവിടുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. കുറഞ്ഞ ദൂരത്തേക്ക് പോകാനാണെങ്കില്‍ സ്റ്റേഷന് വളപ്പിന് പുറത്തുവരുന്ന ഓട്ടോകളില്‍ കയറണമെന്ന് ആക്രോശിക്കുകയും ചെയ്തു.
യാത്രക്ക് കൂടുതല്‍ തുക നല്‍കണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്. എന്നാല്‍, ഇതിനു തയാറാകാത്തതിനെ തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ യാത്രക്കാരിയെ ഇറക്കി വിടുകയായിരുന്നു.
അതിനുശേഷം പ്രീപെയ്ഡ് കൗണ്ടറില്‍ തിരികെയെത്തിയ യുവതി കൗണ്ടറില്‍ ചുമതലയിലുണ്ടായിരുന്ന ട്രാഫിക് പൊലീസിനോട് പരാതി പറഞ്ഞെങ്കിലും ഓട്ടോ ഈ കൗണ്ടറിലേതല്ല എന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരി അവിടെനിന്നു തന്നെ ഫേസ്ബുക്ക് ലൈവ് ഇട്ടു. അപ്പോള്‍ തന്നെ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ വിളിക്കുകയും പരാതി അറിയിക്കുകയും ചെയ്തു.
യുവതി തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്, വനിത പൊലീസ് സ്റ്റേഷന്, മനുഷ്യാവകാശ കമീഷന്, മോട്ടോര്‍ വാഹന വകുപ്പ്, വനിതാ കമീഷന്, മനുഷ്യാവകാശ കമീഷന് എന്നിവിടങ്ങളിലും പരാതി നല്കി. തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ കണ്ടെത്തിയത്. ഈ ഡ്രൈവര്‍ക്ക് നഗരത്തില്‍ ഓട്ടോ ഓടിക്കാനുള്ള പെര്‍മിറ്റ് ഇല്ലെന്നും പ്രീ പെയ്ഡ് കൗണ്ടറില്‍ പേരില്ലാത്ത വണ്ടിയാണെന്നും കണ്ടെത്തി. തുടർന്നാണ് ഇയാളുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന് ശിപാര്‍ശ നല്‍കിയത്.
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് മികച്ച യാത്ര നില്കുന്നതിനായാണ് പ്രീപെയ്ഡ് കൗണ്ടര്‍ ആരംഭിച്ചത്. ഇതുമായി സഹകരിക്കുന്ന ഓട്ടോകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റെയില്‍വേ സ്റ്റേഷന് പരിസരത്ത് വരുന്ന മറ്റ് ഓട്ടോകളെ പൊലീസ് ഒഴിവാക്കുകയാണ് പതിവ്.
എന്നാല്‍ സുരക്ഷിത യാത്രക്ക് പ്രീപെയ്ഡ് ഓട്ടോകളുടെ സേവനം തേടുക എന്ന് രേഖപ്പെടുത്തിയ കൗണ്ടറില്‍ നിന്ന് നിര്‍ദേശിക്കുന്ന ഓട്ടോയില്‍ കയറുന്നവര്‍ക്കെതിരേ അതിക്രമം ഉണ്ടായാല്‍ എന്ത് ചെയ്യണമെന്നു കൃത്യമായ നിര്‍ദ്ദേശം നല്കാന് കോര്പറേഷന് അധികാരികള്‍ക്കോ ട്രാഫിക്ക് പൊലീസിനോ കഴിയുന്നില്ല.
ഇത്തരത്തില്‍ നിരവധി യാത്രക്കാര്‍ക്കാണ് ഇവിടെ നിന്നും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. ആർ.സി.സി അടക്കമുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സക്കായി തമ്പാനൂർ വന്നിറങ്ങുന്ന മറ്റു ജില്ലക്കാരായ യാത്രക്കാരെയും ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍ പിഴിയുകയാണ്.
തിരുവനന്തപുരം: സിറ്റി പരിധിയില്‍ മോശമായി പെരുമാറുന്ന ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ച് ഓട്ടോ നമ്പര്‍ സഹിതം പോസ്റ്റ് കാര്‍ഡില്‍ പരാതി എഴുതി അസി. കമ്മീഷണര്‍ ഓഫ് പൊലീസ്, ട്രാഫിക് പൊലീസ് സ്റ്റേഷന്, പട്ടം എന്ന വിലാസത്തില്‍ അയക്കാം. വളരെ വേഗം നടപടിയുണ്ടാകും.
യാത്രക്കാര്‍ ഓട്ടം വിളിക്കുന്ന സ്ഥലത്തേക്ക് പോകാതെ ഓട്ടോക്കാര്‍ക്ക് താല്പര്യമുള്ള സ്ഥലത്തേക്ക് മാത്രം സവാരി പോകുന്നതും മീറ്റര്‍ ഇടാതെ സവാരി പോകുന്നതുമായുള്ള പരാതികള്‍ ഉണ്ട്. മോശമായ പെരുമാറ്റം, ഭീഷണി, അമിതമായി പണം ഈടാക്കല്‍ തുടങ്ങിയ കാര്യങ്ങളും പരാതിപ്പെടാം.
പരാതിപ്പെടാവുന്ന നമ്പരുകള്‍: 9497930055 (ട്രാഫിക് പൊലീസ്), 8547160292(മോട്ടോര്‍ വാഹന വകുപ്പ്), 0471- 2333314, 0471- 2333317(മോട്ടോര്‍ വാഹന വകുപ്പ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.