തിരുവനന്തപുരം/അഞ്ചൽ: കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നേതാവിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മസ്കത്തിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയ കൊല്ലം കടയ്ക്കൽ ചുണ്ട സ്വദേശിയും അഞ്ചൽ ചന്തമുക്കിന് സമീപം വാടകക്ക് താമസിക്കുന്നയാളുമായ റൗഫ് ഷെരീഫിനെ (26)യാണ് കസ്റ്റഡിയിലെടുത്തത്. ഇമിഗ്രേഷന്‍ പരിശോധനക്ക് തൊട്ടുമുമ്പായിരുന്നു ഡല്‍ഹിയില്‍നിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിട്ടും എത്താത്തതിനെ തുടര്‍ന്നാണ് നടപടിയെന്നറിയുന്നു. ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് റൗഫിെൻറ അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയാണ് നോട്ടീസ് നല്‍കിയിരുന്നതെന്നും ഇ.ഡി വൃത്തങ്ങൾ പറയുന്നു. ഹാഥറസ് സംഭവത്തിന് പിന്നാലെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് റൗഫ് ഷെരീഫിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ശനിയാഴ്ച രാവിലെ 7.30നുള്ള സലാം എയര്‍വേസില്‍ മസ്കത്തിലേക്കുള്ള യാത്രക്കായെത്തിയ റൗഫ് വിമാനത്താവളത്തിലെത്തി ബാഗേജ് പരിശോധന പൂര്‍ത്തിയാക്കി. തുടര്‍ന്ന് എമിഗ്രേഷന്‍ പരിശോധനക്കായി പോകുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റൗഫിനെ കൊല്ലത്തേക്ക് കൊണ്ടുപോയി. തുടർന്ന് അഞ്ചലിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പരിശോധനയിൽ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന.
റൗഫിനെ എത്തിച്ചതറിഞ്ഞ് കാമ്പസ് ഫ്രണ്ട് പ്രവർത്തകർ വീടിന് മുന്നിൽ പ്രതിഷേധിച്ചു. വിവിധ സ്റ്റേഷനുകളിൽനിന്ന് പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. കാമ്പസ് ഫ്രണ്ട് പ്രവർത്തകർ അഞ്ചലിൽ പ്രകടനം നടത്തി. റോഡ് ഭാഗികമായി ഉപരോധിച്ച് യോഗം ചേർന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ എതിരാളികളെ നേരിടുകയാണെന്നും ഇതിന് മുന്നോടിയാണ് റൗഫിെൻറ അറസ്റ്റെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഡൽഹിയിൽ നടന്നുവരുന്ന സമരങ്ങളിൽ പെങ്കടുക്കുകയും പ്രസ്താവനകളിറക്കുകയും ചെയ്തതാണ് നടപടിക്ക് കാരണമെന്ന് അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.