നേമം: കാരയ്ക്കാമണ്ഡപം ഹൈസ്കൂള്‍ ജങ്ഷനു സമീപത്തെ കനാല്‍ ബലപ്പെടുത്തുന്നത് സംബന്ധിച്ച പ്രവൃത്തി വിവാദത്തിൽ. ഫെബ്രുവരി 24ന് ഇവിടത്തെ താല്‍ക്കാലിക പാലം ഇടിഞ്ഞുവീണത് നാട്ടുകാരെ ഭീതിയിലാക്കി. പ്രവൃത്തി അശാസ്ത്രീയമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി.
പണിക്കിടെ ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന ആറിഞ്ച് പി.വി.സി ലൈന്‍ പൊട്ടിയത് നിരവധി സ്ഥലങ്ങളിലെ കുടിവെള്ളം മുട്ടിച്ചു. മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫണ്ടില്‍നിന്ന് 1.75 കോടി രൂപ വിനിയോഗിച്ചാണ് ഒരു മാസം മുമ്പ് ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്റ് കനാൽ ബലപ്പെടുത്തല്‍ അറ്റകുറ്റപ്പണി ആരംഭിച്ചത്. കനാല്‍ കടന്നുപോകുന്ന 100 മീറ്ററോളംഭാഗം അപകടത്തിലായതിനെ തുടര്‍ന്നാണ് ഫണ്ട് അനുവദിക്കപ്പെട്ടത്. ഇവിടെയുള്ള ടാറിട്ട ഇട റോഡില്‍നിന്ന് മണ്ണ് ഇളകിപ്പോയിരുന്നു. മണ്ണിടിയാന്‍ തുടങ്ങിയതോടെ ഇവിടത്തെ ട്രാന്‍സ്ഫോർമറും അപകടാവസ്ഥയിലായി. ട്രാന്‍സ്ഫോർമറിന് സമാന്തരമായുള്ള റോഡിന്റെ വശത്തുകെട്ടിയിരുന്ന മതില് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. ഈയൊരു സാഹചര്യത്തിലാണ് ഒരുമാസംകൊണ്ട് തീര്‍ക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി പ്രവൃത്തി ആരംഭിച്ചത്.
കനാലിന്റെ ആഴം കൂടിയതിനാല്‍ അപകട സാധ്യത വർധിച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിലവില്‍ കനാലിനു സമീപം അപകടാവസ്ഥയിലുള്ള ഭാഗങ്ങളെല്ലാം ചെറിയ ഇരുമ്പുകമ്പികള്‍ മാത്രം വളച്ചുവെച്ച് സംരക്ഷിച്ചിരിക്കുകയാണ്. ഒരാഴ്ചമുമ്പ് രണ്ട് ബൈക്ക് യാത്രികര്‍ക്ക് കനാലിന്റെ ആഴംകുറഞ്ഞ ഭാഗത്തേക്ക് വീണ് പരിക്കേറ്റിരുന്നു.
താല്‍ക്കാലിക പാലം ഇളകിവീണത് ജനങ്ങള്‍ ഭയത്തോടെയാണ് കാണുന്നത്. ഈ ഭാഗത്തുള്ള രണ്ടു സ്കൂളുകളിലേക്ക് കുട്ടികള്‍ കടന്നുപോയിരുന്നത് പഴയപാലം വഴിയായിരുന്നു. താല്‍ക്കാലിക പാലത്തില്‍ കയറിയ സമയത്തായിരുന്നുവെങ്കില്‍ വന്‍ അത്യാഹിതം സംഭവിക്കുമായിരുന്നു. താല്‍ക്കാലിക പാലത്തില്‍ കയറരുതെന്ന് അറിയിപ്പ് ബോർഡ് വെച്ചിരുന്നത് ആരും ശ്രദ്ധിക്കാത്ത വിധത്തിലാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.കനാല്‍ ബലപ്പെടുത്തുന്നതും പുതിയ പാലത്തിന്റെ പ്രവൃത്തിയും മാര്‍ച്ചിൽ പൂര്‍ത്തീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.