നേമം: സി.പി.എം വിളപ്പില്‍ ഏരിയ കമ്മിറ്റി അംഗം വിളപ്പില്‍ അസീസിന്റെ വീടിനുനേരേ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നാമന് പൊലീസ് പിടിയില്‍. പള്ളിച്ചല്‍ നരുവാമൂട് കോട്ടയംമുക്ക് തിരുവോണത്തില്‍ അക്ഷയ് പ്രകാശ് (26) ആണ് പിടിയിലായത്. ജൂലൈ മൂന്നിന് രാത്രി 11നാണ് കേസിന്നാസ്പദമായ സംഭവം. രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗസംഘമാണ് വീടിനുനേരേ ആക്രമണം നടത്തിയത്.
ജനാലച്ചില്ലുകളും വാതിലും തകര്‍ന്നു. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട സംഘത്തില്‍ ഉള്‍പ്പെട്ട പേയാട് ഐശ്വര്യ നിവാസില്‍ അമൽ എസ്. കുമാര്‍ (27), ഊരൂട്ടമ്പലം നീറമണ്‍കുഴി എം.ഐ.ആര് കോട്ടേജില്‍ ബ്ലെസന്ദാസ് (26) എന്നിവരെ ദിവസങ്ങള്‍ക്കുമുമ്പ് പൊലീസ് പിടികൂടിയിരുന്നു. ഒളിവിൽപോയ അക്ഷയ് പ്രകാശ് തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ ഒളിവിൽകഴിഞ്ഞുവരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. പൊലീസ് എത്തിയതറിഞ്ഞ് പ്രതി ഇവിടെനിന്ന് രക്ഷപ്പെട്ട് തന്റെ കൂട്ടുകാരുടെ സങ്കേതത്തിലേക്ക് മാറി.
മറ്റൊരു ഒളിത്താവളം കണ്ടെത്താനായി പണം ആവശ്യപ്പെട്ട് സുഹൃത്തുക്കളെ ബന്ധപ്പെട്ടതോടെയാണ് പ്രതി പിടിയിലായത്. കൊലപാതക ശ്രമം, അടിപിടി, ലഹരി വില്പന തുടങ്ങിയ നിരവധി ക്രിമിനല്‍ പശ്ചാത്തലമാണ് പ്രതിക്കുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി പിടിയിലാകാനുണ്ട്.
വിളപ്പില്‍ശാല സി.ഐ എന്‍. സുരേഷ്കുമാര്‍, എസ്.ഐ ആശിഷ്, ഗ്രേഡ് എസ്.ഐമാരായ ബൈജു, പ്രകാശ്, സി.പി.ഒമാരായ പ്രദീപ്, ജയശങ്കര്‍, വിപിന്‍കുമാര്‍, കൃഷ്ണമോഹന് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.