നേമം: ലൈഫ് പദ്ധതി അടക്കമുള്ള പദ്ധതികൾ കൊട്ടിയാഘോഷിക്കപ്പെടുന്ന ഈ കാലത്ത് ഈ സാധുക്കൾ ചോദിക്കുന്നത്, തങ്ങളെപ്പോലുള്ളവരെ പരിഗണിക്കാത്ത ഭവന പദ്ധതികളുടെ നിരർഥകതയെക്കുറിച്ചാണ്. വിളപ്പിൽശാല, കരുവിലാഞ്ചി, ചിറ്റയിൽ തോട്ടരികത്തുവീട്ടിൽ ക്രിസ്തുദാസ് (58), ഉഷ (55) ദമ്പതികളുടെ ഭവനമാണ് ആരെയും അമ്പരപ്പിക്കുന്നതും അവരുടെ ചോദ്യത്തിന് ഉത്തരമില്ലാതെ പോകുന്നതും. വിണ്ടുകീറിയ മൺചുമരുകൾ, ഇളകിയാടുന്ന വാതിലും ജനൽ പാളിയും.
സുഷിരം വീണ പ്ലാസ്റ്റിക് ഷീറ്റ് പാകിയ മേൽക്കൂര. മഴത്തുള്ളികൾ കുടിലിനുള്ളിൽ പതിക്കുന്നതിനാൽ മൺതറയാകെ ചളിക്കുളമായ അവസ്ഥ. വീടിന് പകരം ഒരു മറയെന്നു വിളിക്കാൻ പാകത്തിന് നിലവിലെ അവസ്ഥ. കാലിത്തൊഴുത്തിനെക്കാൾ പരിതാപകരമായ ഈ വീടിനുള്ളിൽ ഇവർ ജീവിക്കാൻ തുടങ്ങിയിട്ട് 10 വർഷം. ഈ ദുരിതജീവിതം മാറിവന്ന ജനപ്രതിനിധികൾ പലകുറി കണ്ടിട്ടും പലവട്ടം ലൈഫ് പദ്ധതി പട്ടിക വന്നിട്ടും ഇവരുടെ പേരുമാത്രം ഒഴിവാക്കപ്പെട്ടു. കരുവിലാഞ്ചി വാർഡിൽ ഇവരോളം അർഹതയുള്ളവർ ഇല്ലാതിരുന്നിട്ടും ഒഴിവായി. 25 വർഷമായി മാനസികരോഗിയാണ് ഉഷ.
കൂലിപ്പണിക്കാരനാണ് ക്രിസ്തുദാസ്. മക്കളില്ലാത്ത ദമ്പതികൾ. ഉഷക്ക് ഇടക്കിടെ സമനില തെറ്റുന്നതിൽ ക്രിസ്തുദാസിന് ഭാര്യയെ തനിച്ചാക്കി ജോലിക്ക് പോകാനാകില്ല. അതുകൊണ്ടുതന്നെ ഇവരുടെ അടുപ്പിൽ മിക്ക ദിവസങ്ങളിലും തീ പുകയാറുമില്ല. ആകെയുള്ള അഞ്ച് സെന്റിൽ മൺകട്ടയിൽ തീർത്ത ഓലമേഞ്ഞ മേൽക്കൂരയുള്ള ചെറുകൂരയായിരുന്നു ക്രിസ്തുദാസിന്റെത്. 10 വർഷം മുമ്പുണ്ടായ പ്രകൃതിക്ഷോഭത്തിലാണ് ചുമരുകൾ ഇടിഞ്ഞുവീണ് മേൽക്കൂര തകർന്ന് കൂര കുടിലിനെക്കാൾ കഷ്ടമായത്. പ്രകൃതിക്ഷോഭത്തിൽ തകർന്ന വീടിന്റെ ദൃശ്യങ്ങൾ റവന്യൂ അധികൃതർ പകർത്തി.
നഷ്ടത്തിന്റെ കണക്കെടുപ്പും നടത്തി. പക്ഷേ, ധനസഹായം മാത്രം നൽകിയില്ല. ഓരോ കൊല്ലവും പരിഗണിക്കുമെന്ന പ്രതീക്ഷയിൽ നാലഞ്ചുവർഷമായി ലൈഫ് പദ്ധതി പ്രകാരം ഒരു വീടിനുവേണ്ടി ക്രിസ്തുദാസ് അപേക്ഷ നൽകി കാത്തിരിക്കും. ലിസ്റ്റ് പുറത്തിറങ്ങുമ്പോൾ ക്രിസ്തുദാസ് പുറത്ത്. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലഭരണകൂടം തുടങ്ങി ഈ നിർധനൻ കയറിയിറങ്ങാത്ത ഓഫിസുകളില്ല. ഇതാ, ഇത്തവണയും ലൈഫ് ലിസ്റ്റ് പുറത്തിറങ്ങി. പതിവുപോലെ തങ്ങൾ പുറത്തുതന്നെയാണെന്ന് ക്രിസ്തുദാസ് പറയുന്നു. ജീവിതം ജീവിച്ചുതീർക്കാൻ പാടുപെടുന്ന ഈ ദമ്പതികളുടെ മുന്നിൽ ലൈഫ് പദ്ധതിയും വാതിലുകൾ കൊട്ടിയടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.