നേമം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം സ്വർണവും പണവും കവർന്ന സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി നാലു വർഷത്തിനുശേഷം പിടിയിലായി. തൈക്കാട് വഞ്ചിയൂർ അംബികാ സദനത്തിൽ സാജു (53) ആണ് പിടിയിലായത്. നെയ്യാറ്റിൻകര സ്വദേശിനിയായ 42കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതി വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് യുവതിയുമായി ചങ്ങാത്തത്തിലാകുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡനത്തിനിരയാക്കുകയുമായിരുന്നു. ഇവരിൽനിന്ന് രണ്ടുലക്ഷത്തിലേറെ രൂപയും ആറു പവൻ സ്വർണാഭരണങ്ങളും കൈക്കലാക്കി സാജു മുങ്ങി. തെളിയാത്ത കേസുകൾ കണ്ടെത്തുന്നതിനായി കാട്ടാക്കട ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്. ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.
ഇതിനിടെ, വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തിരുമല ഭാഗത്തുള്ളതായി വിവരം ലഭിച്ചു. തുടർന്ന്, നരുവാമൂട് സി.ഐ നോബിൾ മാനുവൽ, എസ്.ഐ അജീന്ദ്ര കുമാർ, എസ്.സി.പി.ഒ സുനിൽകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.