നേമം: റേഡിയോ ഗാനങ്ങൾ, വായിക്കാൻ പുസ്തകങ്ങൾ... വൃദ്ധർക്ക് സ്വർഗം പണിത് ഒരു പൊലീസ് സ്റ്റേഷൻ. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടതോര്ത്ത് വിഷമിക്കുന്നവര്‍ക്ക് സ്നേഹക്കൂടാരുക്കി മാതൃകയായിരിക്കുകയാണ് മലയിൻകീഴ് പൊലീസ് സ്റ്റേഷൻ. സ്റ്റേഷൻ മുറ്റത്താണ് ‘സായാഹ്നക്കൂട്’ എന്ന പേരില്‍ 2020ൽ വയോജനങ്ങള്‍ക്കായി വിശ്രമകേന്ദ്രമൊരുക്കിയത്.
വയോജന സമിതിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ സംരംഭമായിരുന്നു ഇത്. ഇന്നിവിടം വൃദ്ധർ നേരം കൊല്ലാനെത്തുന്ന പാർക്കല്ല. സൗഹൃദം പങ്കിടാനെത്തുന്നവർക്കുള്ള ഇരിപ്പിടമാണ്. വയോജനങ്ങള്‍ക്കുവേണ്ടിയുള്ള ഈ ‘കൂടി’ല്‍ കാറ്റും വെളിച്ചവും കടക്കുന്നതരത്തില് പണിത ചെറിയ കെട്ടിടമാണ് പ്രധാന നിര്‍മിതി. സോപാനത്തിലും തറയിലും മനോഹരമായ തറയോടുകൾ പാകി മോടിപിടിപ്പിച്ചുണ്ട്. ഇതില്‍ റേഡിയോയും ചെറിയ വായനശാലയും സ്ഥാപിച്ചിരിക്കുന്നു.
തൊട്ടു മുന്നിലുള്ള പൂന്തോട്ടത്തില്‍നിന്ന് പൂമണമെത്തും. ഇരിക്കാൻ ഇരിപ്പിടങ്ങളുമുണ്ട്. പൂവാടിയിൽ ചെറിയ കുളവും അതിൽ നീന്തിത്തുടിക്കുന്ന വർണമത്സ്യങ്ങളും. വയോജന സമിതിയില്‍ സ്ത്രീകളടക്കം 31 അംഗങ്ങളാണുള്ളത്. സി.ഐ ചെയര്‍മാനും എസ്.ഐ വൈസ് ചെയർമാനുമായുള്ള സമിതിയാണ് ഈ മാതൃകാ സംരംഭത്തിന്റെ അമരക്കാർ.
നാട്ടുകാരുടെ പിന്തുണയും ഇവർക്കൊപ്പമുണ്ട്. മക്കളും കൊച്ചുമക്കളുമെല്ലാം തിരക്കിലേക്ക് പായുമ്പോള്‍ വീടുകളില്‍ ഒറ്റക്കിരുന്ന് നിരാശരാകുന്ന വൃദ്ധരായ മാതാപിതാക്കള്‍ക്ക് ഏറെ ആശ്വാസം നല്കുന്ന ഇടമായി മാറുകയാണ് ഇന്നീ സ്റ്റേഷൻ മുറ്റം. ഒപ്പം കാക്കിക്കാരുടെ സുരക്ഷയും.
ഇന്ന് ലോകം വൃദ്ധദിനം ആചരിക്കുമ്പോൾ ഈ പൊലീസ് സ്റ്റേഷനിൽ ആഘോഷങ്ങളില്ല, പകരം അവർ കാട്ടിത്തരുന്നത് ഒരു പാഠമാണ്. ആർക്കും മാതൃകയാക്കാവുന്ന വലിയ പാഠം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.