നേമം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നായ മേജർ വെള്ളായണി ഭദ്രകാളി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവുമായി ബന്ധപ്പെട്ട് അനധികൃതമായി കെട്ടിയ കൊടി തോരണങ്ങൾ പൂർണമായും നീക്കംചെയ്യാൻ ഹൈകോടതി ഉത്തരവ്. അലങ്കാരങ്ങൾ പൂർണമായും കാവിവത്കരിക്കാനുള്ള ബി.ജെ.പി- ആർ.എസ്.എസ് ശ്രമത്തിന് ഇതോടെ തിരിച്ചടിനേരിട്ടു.
2017ൽ ക്ഷേത്രത്തിൽ ഒരുവിധ കൊടികളും കെട്ടാൻ പാടില്ലെന്ന് കലക്ടർ ഉത്തരവിട്ടിരുന്നു. 2020ൽ കാളിയൂട്ട് ഉത്സവത്തിനും ഈ ഉത്തരവ് കൃത്യമായി പാലിച്ചു. എന്നാൽ ഈ വർഷം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഉപദേശകസമിതിയിലെ ചിലരുടെ ഒത്താശയോടെ വീണ്ടും കാവിവത്കരിക്കാനുള്ള ശ്രമം ഉണ്ടാകുകയായിരുന്നു. ഇതിനെതിരെ വ്യാപക പരാതി ഉയർന്നതോടെ കലക്ടറുടെ ഉത്തരവിന് വിരുദ്ധമായി കെട്ടിയ കൊടികൾ മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഉപദേശകസമിതി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ ഇതിന് തയാറായില്ല.
ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവം നടത്തുന്നതിനുള്ള അധികാരം ബോർഡിനാണെന്ന് കോടതി വിധിച്ചു. ക്ഷേത്രത്തിലെ ആചാരങ്ങൾക്കനുസരിച്ച് ഉത്സവം നടത്താനുള്ള ഉത്തവാദിത്തം ബോർഡിനുണ്ട്. ആചാരവിരുദ്ധമായി ക്ഷേത്രപരിസരം കാവി കൊടികളും തോരണവുംകൊണ്ട് അലങ്കരിക്കാൻ ഉപദേശകസമിതിക്ക് അധികാരമില്ല. അത്തരം അലങ്കാരങ്ങൾ ഒരുകാരണവശാലും അനുവദിക്കരുതെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
ക്ഷേത്ര ആഘോഷങ്ങളിൽ രാഷ്ട്രീയത്തിന് ഒരു റോളുമില്ല. അലങ്കാരങ്ങൾക്ക് ഏതെങ്കിലും പ്രത്യേക നിറം വേണമെന്ന് പറയാനും ഭക്തനോ ഭരണകൂടത്തിനോ പൊലീസിനോ കഴിയില്ല. ഏതെങ്കിലും തരത്തിൽ സംഘർഷമുണ്ടായാൽ പൊലീസിനും ജില്ല ഭരണകൂടത്തിനും ഇടപെടാമെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി അജിത്ത്കുമാർ എന്നിവരടങ്ങിയ ഹൈകോടതി ബെഞ്ച് വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.