നേമം: വിളപ്പിൽ ശാലയിലെ ചവർ ഫാക്ടറി അടച്ചുപൂട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും അവിടെ മണ്ണിട്ട് മൂടിയ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ നടപടിയില്ല. 2015ലാണ് ചവർ ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവ് വന്നത്. ആറു മാസത്തിനുള്ളിൽ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.
എന്നാൽ, ഈ ഉത്തരവ് പാലിക്കാൻ തിരുവനന്തപുരം നഗരസഭ ഇതുവരെയും തയാറായിട്ടില്ല. ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മണ്ണിട്ട് മൂടിയത്. ഒരു ജനതയുടെ വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ ദേശീയ ഹരിത ട്രൈബ്യൂണലാണ് ചവർ ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവിട്ടത് ഈ ഗ്രാമത്തിന് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല.
23 വർഷം മുമ്പാണ് നഗരത്തിലെ മാലിന്യം കുഴിച്ചുമൂടുന്നതിനുവേണ്ടി വിളപ്പിൽശാല ഗ്രാമത്തെ അന്നത്തെ സർക്കാർ തെരഞ്ഞെടുത്തത്. സംസ്കരണം മാത്രമെന്നു പറഞ്ഞ് വിളപ്പിൽശാലയിൽ ചവർ ഫാക്ടറി സ്ഥാപിക്കുകയും ഒടുവിൽ വിളപ്പിൽശാല ജനതയെ ഒന്നാകെ മാലിന്യത്തിന്റെ വറുതിയിൽ മുക്കുകയുമായിരുന്നു.
ഇപ്പോൾ നഗര മാലിന്യങ്ങൾ വിളപ്പിൽശാലയിലേക്ക് കൊണ്ടുവരുന്നില്ലെങ്കിലും ഇവിടെ വർഷങ്ങളായി മണ്ണിൽ അടിഞ്ഞുകൂടിക്കിടക്കുന്ന ടൺകണക്കിന് മാലിന്യം ഭാവിതലമുറക്ക് ദോഷം ചെയ്യും. ഇതിനിടെ, പ്ലാസ്റ്റിക് മലയ്ക്ക് മുകളിൽ ടൗൺഷിപ് പറയാനുള്ള നടപടികളിലാണ് നഗരസഭ.
അരലക്ഷത്തിലേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമമാണ് വിളപ്പിൽശാല. പ്ലാസ്റ്റിക് മലയിൽ വമ്പൻഷീറ്റ് മൂടി അതിനുമുകളിൽ ലോഡ് കണക്കിന് മണ്ണ് കൊണ്ടിട്ട ശേഷം കൃത്രിമ പച്ചപ്പുണ്ടാക്കിയെടുത്തിരിക്കുകയാണ്. മണ്ണിനടിയിൽ കിടക്കുന്ന പ്ലാസ്റ്റിക്കിനുള്ളിൽ വായു കുമിഞ്ഞുകൂടി ഇവയെല്ലാം കൂടി പൊട്ടിത്തെറിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വരാൻ പോകുന്നത് ഈ ചവർമലയ്ക്ക് സമീപമാണ്. ചുരുക്കത്തിൽ വിളപ്പിൽശാലയിലെ ജനതക്കും വിദ്യാഭ്യാസം ചെയ്യുന്നതിനു വേണ്ടി പുറത്തുനിന്ന് ഇവിടെ എത്തിച്ചേരുന്നവർക്കും ഭീഷണി തന്നെയാണ് ഈ പ്ലാസ്റ്റിക് മല. പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത് വിളപ്പിൽശാലയെ സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.