തിരുവനന്തപുരം: മാലിന്യം അടിഞ്ഞുകൂടിയ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളി വീണുമരിക്കാനിടയായ സംഭവത്തെതുടർന്ന് പൊതുനിരത്തുകളിലും ആമയിഴഞ്ചാന്‍ തോട്ടിലും ഉള്‍പ്പെടെ മാലിന്യം തള്ളുന്നതിനെതിരെ പരിശോധന കർശനമാക്കി കോർപറേഷൻ. കോർപറേഷൻ ഹെല്‍ത്ത് വിഭാഗം രാത്രികാലത്ത് നടത്തിയ സ്പെഷല്‍ സ്ക്വാഡിലും പകല്‍ നടത്തിയ പരിശോധനയിലും ആമയിഴഞ്ചാന്‍ തോട്, കരമനയാര്‍, മറ്റു പൊതുസ്ഥലങ്ങളിലുള്‍പ്പെടെ മാലിന്യം തള്ളിയ വാഹനങ്ങൾ പിടികൂടി. മൂന്ന് ഇരുചക്രവാഹനങ്ങളാണ് പിടികൂടിയത്. ഈ വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കാൻ ഫോര്‍ട്ട്, കരമന എസ്.എച്ച്.ഒമാര്‍ക്കും ശ്രീകാര്യം എസ്.എച്ച്.ഒ ക്കും കത്ത് നല്കി.
ശ്രീകാര്യം, പാങ്ങപ്പാറ മഹേഷ് ഫുഡ് പ്രോഡക്ട് എന്ന സ്ഥാപനത്തില്‍നിന്ന് മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിട്ടതിനാണ് സ്ഥാപന ഉടമക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാൻ തീരുമാനിച്ചത്. പൊതുനിരത്തില്‍ മാലിന്യം നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട് 62,090 രൂപ പിഴ ചുമത്തി നോട്ടീസ് നല്കി. അനധികൃതമായി മാലിന്യം ശേഖരിക്കുന്നതും പൊതുനിരത്തുകളിലും തോടുകളിലും മാലിന്യം നിക്ഷേപിക്കുന്നതും മുഴുവന്‍ സമയ ഹെല്‍ത്ത് സ്ക്വാഡിനെ നിയമിച്ച് തടയുമെന്നും ഇത്തരക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ വാഹന രജിസ്ട്രേഷന് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു.
അതേസമയം, വിളപ്പിൽശാല പൂട്ടിയ ശേഷം നഗരത്തിൽ കാര്യക്ഷമമായൊരു മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതിൽ നഗരവാസികൾ അമർഷത്തിലാണ്. കൊണ്ടുവന്ന ബദൽ സംധാനങ്ങളെല്ലാം പാളിപ്പോയ അവസ്ഥയിലാണ്. ഹരിതകർമസേന വഴി വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കും യഥാസമയം നീക്കം ചെയ്യാതെ പലേടത്തും കെട്ടിവെക്കുന്നതിലും റെസി. അസോസിയേഷനുകളും പ്രതിഷേധത്തിലാണ്. കരാർ നൽകിയ ഏജൻസി തോന്നുന്ന സമയത്താണ് ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യം എടുത്തുകൊണ്ടുപോകുന്നത്.
എന്നാൽ, ജൈവമാലിന്യ സംസ്കരണകാര്യത്തിൽ ഒരു സംവിധാനത്തെക്കുറിച്ചും തദ്ദേശസ്ഥാപനങ്ങൾ ആലോചിക്കുന്നില്ല. ആമയിഴഞ്ചാൻതോട് നഗരത്തിന്റെ അഴുക്ക്ചാലായി ഒഴുകുന്നത് പരിഷ്കൃത സമൂഹത്തിന് ഒരുരീതിയിലും അംഗീകരിക്കാവുന്നതല്ലെന്ന വാദം നഗരവാസികൾ ഉയർത്തിക്കഴിഞ്ഞു. എല്ലാത്തരം രോഗങ്ങൾക്കും പ്രധാനകാരണമായി ഇത് തുറന്ന് ഒഴുകുകയാണെന്നും അവർ കുറ്റപ്പെടുത്തുന്നു. മലിനജലം ചെറിയ ഓടയിലൂടെ പുറത്തേക്ക് ഒഴുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്ന കോർപറേഷൻ ആമയിഴഞ്ചാൻ തോട് രോഗവാഹിയായി ഒഴുകുന്നത് കണ്ടില്ലെന്നും നടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.