സംരക്ഷണ ഭിത്തിയില്ല; മരണക്കുളമായി കരിച്ചിറ

പോത്തൻകോട്: പോത്തൻകോട് പഞ്ചായത്തിലെ കല്ലൂർ വാർഡിലെ ചുറ്റുമതിലില്ലാത്ത കരിച്ചിറ നാട്ടുകാർക്ക് അപകടഭീഷണിയാകുന്നു. തിങ്കളാഴ്ച വൈകീട്ട് 10 വയസ്സുള്ള കുട്ടി മുങ്ങിമരിച്ചതാണ് ഒടുവിലത്തെ സംഭവം. മൂന്ന് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആറോളം പേരുടെ ജീവൻ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. പലതവണകളായി 30ൽ കൂടുതൽപേർ മരണത്തിന്‍റെ വക്കിൽനിന്ന് രക്ഷപ്പെട്ടു. കുളത്തിന് സംരക്ഷണ ഭിത്തിയോ, ചുറ്റുമതിലോ ഇല്ലാത്തതാണ് സ്ഥിരമായി അപകടമുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

കുളത്തിന് തൊട്ടടുത്തുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു കൊയ്ത്തൂർക്കോണം ഖബറഡി ഫാത്തിമ മൻസിലിൽ മുഹമ്മദ് ബാഷ, ഷീജ ദമ്പതികളുടെ മകൻ മുഹമ്മദ് ഫർഹാൻ. കല്ലൂർ ഗവ.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ബന്ധുവീട്ടിലെത്തിയ ഫർഹാൻ കുട്ടികളുമായി കളിച്ചുകൊണ്ട് ചിറക്ക് സമീപം നിൽക്കുമ്പോൾ കാൽവഴുതി വീഴുകയായിരുന്നു. കുളത്തിന്‍റെ ചവിട്ടുപടിക്കടുത്തായാണ് ഫർഹാൻ വീണത്. കൂടെയുണ്ടായിരുന്ന ബന്ധുവായ യുവതി നോക്കി നിൽക്കെയാണ് അപകടം. നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കുളത്തിന് 120 വർഷം പഴക്കമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പോത്തൻകോട് പഞ്ചായത്തിലെ ഏറ്റവും വലിയ ജലാശയമാണിത്. മുമ്പ് പ്രദേശത്ത് മുഴുവനും കൃഷി ആവശ്യങ്ങൾക്ക് ജലം എത്തിക്കുന്നത് ഈ ചിറയിൽ നിന്നായിരുന്നു.

കുളത്തിന് ചുറ്റുഭാഗങ്ങളിലായി 25ഓളം വീടുകളുണ്ട്. 70 ഓളം കുട്ടികൾ പ്രദേശത്ത് കളിക്കുന്നുണ്ട്. ഇവരിൽ പലരും ഈ അപകടം പതിയിരിക്കുന്ന കുളത്തിലിറങ്ങുന്നതും പതിവാണ്. മാറി മാറി വരുന്ന ജനപ്രതിനിധികളോട് സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം നാട്ടുകാർ പലതവണ ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. ഓരോ അപകടങ്ങൾ സംഭവിക്കുമ്പോഴും ചുറ്റുമതിലെന്ന വാഗ്ദാനങ്ങൾ നൽകി മടങ്ങുകയാണ് അധികാരികൾ. ഇനി ഒരു ജീവൻ ഇവിടെ പൊലിയാൻ പാടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പ്രദേശവാസികൾ. ഇതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ പദ്ധതി തയാറാക്കി പഞ്ചായത്തിന് സമർപ്പിക്കുമെന്ന് കല്ലൂർ വാർഡ് മെംബർ കെ.ആർ. ഷിനു 'മാധ്യമ'ത്തോട് പറഞ്ഞു. എത്രയും വേഗം സുരക്ഷ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.