തിരുവനന്തപുരം: വ്യാജ ഓഹരി മാർക്കറ്റ് ആപ്ലിക്കേഷനുകൾ വഴി പണം തട്ടുന്ന സംഘത്തിലെ കൂടുതൽ പേർ നിരീക്ഷണത്തിൽ. അടുത്ത ദിവസങ്ങളിലായി തലസ്ഥാനത്ത് നടന്ന തട്ടിപ്പിൽ കോടികൾ കവർന്ന സംഘത്തിന്റെ കണ്ണികൾ തേടിയുള്ള അന്വേഷണം സൈബർ പൊലീസ് ഊർജിതമാക്കി.
പട്ടം സ്വദേശിയായ 63കാരന്റെ ആറു കോടി രൂപ തട്ടിയ കേസിൽ ബാങ്ക് അക്കൗണ്ട് വാടകക്ക് നൽകുന്ന രണ്ട് പേർ പിടിയിലായി. അടൂർ സ്വദേശി രാഹുൽ എം. നായർ(25), കൊല്ലം നല്ലില സ്വദേശി അനു ബാബു (38) എന്നിവരെയാണ് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുപോലെ നിരവധി പേർ ബാങ്ക് അക്കൗണ്ടുകൾ വാടകക്ക് നൽകി സൈബർ തട്ടിപ്പിന് കൂട്ടുനിൽക്കുന്നതായും ഇത്തരക്കാരെ കണ്ടെത്താനുള്ള അന്വേഷണമാണ് നടക്കുന്നതെന്നും സൈബർ പൊലീസ് പറഞ്ഞു.
സ്വന്തം ബാങ്ക് അക്കൗണ്ട് വഴി 10 ലക്ഷം രൂപ പിൻവലിച്ച് നൽകിയാൽ 20,000 രൂപവരെ ഇവർക്ക് ലഭിക്കുമെന്നും പൊലീസ് പറയുന്നു. സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിച്ചാണ് പൊലീസ് ഇത്തരക്കാരിൽ എത്തുന്നത്. പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതിന്റെ വിശദാംശങ്ങളും മറ്റ് രേഖകളും കണ്ടെത്തി.
അടൂർ സ്വദേശി രാഹുലിന്റെ അക്കൗണ്ടിൽ നിന്ന് 10 ലക്ഷം രൂപയാണ് പിൻവലിച്ചത്. രാഹുൽ ഈ പണം മറ്റൊരു പ്രതിയായ അനുബാബുവിനും അയാൾ കരുനാഗപ്പള്ളി സ്വദേശിയായ മറ്റൊരാൾക്കും കൈമാറി. ഇയാൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
മെഡിക്കൽ കോളജ്: ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നിരട്ടി ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് 15 ലക്ഷം തട്ടിയതായി പരാതി. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ഷോപ്പി കമ്പനിയുടെ പേരിൽ കുമാരപുരം കലാകൗമുദി റോഡിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയാണ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ, സി.ഇ.ഒ, ബിസിനസ് പ്രമോട്ടർമാർ എന്നിവർ ചേർന്ന് കബളിപ്പിച്ച് തുക തട്ടിയെടുക്കുകയും തിരികെ ആവശ്യപ്പെട്ട സമയം മടക്കി നൽകാതെ കബളിപ്പിച്ചുവെന്നാണ് പരാതി. സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നിരട്ടി ലാഭം കിട്ടുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി 21.41 ലക്ഷം പ്രതികൾ വാങ്ങി. ലാഭവിഹിതമെന്നു പറഞ്ഞ് 6.41 ലക്ഷം തിരികെ നൽകി. തുടർന്നുള്ള ഇടപാടിൽ സംശയം തോന്നിയതോടെ ബാക്കി തുകയായ 15 ലക്ഷം തിരികെ ആവശ്യപ്പെട്ടു. നാളിതുവരെ തുക മടക്കിനൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.