തിരുവനന്തപുരം: ഷോക്കേറ്റ് ചത്ത മയിലിനെ വനംവകുപ്പ് തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് നടപടികൾ പൂർത്തിയാക്കാതെ കുഴിച്ചുമൂടി. ദേശീയപക്ഷിയും ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്നതുമായ മയിൽ ചത്തിട്ട് വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടത്തിയില്ല.
ഇക്കാര്യത്തിൽ വനംവകുപ്പിന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന ആക്ഷേപവും ശക്തമാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാലരാമപുരം എരുത്താവൂരിൽ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറിൽ കുടുങ്ങി ഷോക്കേറ്റ് മയിൽ ചത്തത്. വിവരം അപ്പോൾതന്നെ കെ.എസ്.ഇ.ബി അസി. എൻജിനീയർ വനംവകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ചിൽ ഫോറസ്റ്ററെ വിളിച്ചറിയിച്ചു.
എന്നാൽ, വാഹനം ഓടിക്കാൻ ഡ്രൈവറില്ലാത്തതിനാൽ എത്താൻ കഴിയില്ലെന്നും കുഴിച്ചുമൂടിക്കൊള്ളാനും നിർദേശിച്ചു. അപ്രകാരം കെ.എസ്.ഇ.ബി ജീവനക്കാർ സമീപത്ത് കുഴിയെടുത്ത് മയിലിനെ കുഴിച്ചുമൂടി. വന്യജീവി ഗണത്തിൽപെടുന്ന പക്ഷിമൃഗങ്ങൾ ചത്താൽ ചട്ടപ്പടി നടപടിക്രമങ്ങൾ പാലിച്ചുവേണം സംസ്കരിക്കാൻ.
വനംവകുപ്പ് ജീവനക്കാരെത്തി ജീവിയെ കസ്റ്റഡിയിൽ വാങ്ങണം. മഹസർ തയാറാക്കണം. വനംവകുപ്പിലെ സർജനെയെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തണം. സമഗ്രമായ റിപ്പോർട്ട് േറഞ്ച് ഓഫിസർക്ക് കൈമാറണം. തുടരന്വേഷണങ്ങളും മറ്റും ആവശ്യമായി വരുകയാണെങ്കിൽ വനംമേധാവിയുടെ ആവശ്യപ്രകാരം റിപ്പോർട്ട് ഹാജരാക്കണം.
ഇതൊന്നും നടന്നില്ല. വണ്ടി ഓടിക്കാൻ ആളില്ലാതിരുന്നതിനുപുറമെ നെട്ടുകാൽത്തേരിയിൽ മ്ലാവ് ചത്തതും കോവളത്ത് ആമ ചത്തതുമായ സംഭവവും ഉണ്ടായിരുന്നതിനാലാണ് എരുത്താവൂരിൽ എത്താൻ കഴിയാത്തതെന്നാണ് ഫോറസ്റ്റർ പറയുന്നത്. മയിൽ ദേശീയപക്ഷിയായതിനാൽ വനംവകുപ്പിന്റെ കസ്റ്റഡിയിൽ കൊണ്ടുവന്ന് വനംവകുപ്പിന്റെ സ്ഥലത്തുവേണം കുഴിച്ചുമൂടാൻ.
എന്നാൽ, ഷോക്കേറ്റ് ചത്ത സ്ഥലത്തിനടുത്തുതന്നെ മയിലിനെ കുഴിച്ചുമൂടുകയായിരുന്നു.അടുത്തിടെയായി തലസ്ഥാന നഗരത്തിൽ പലഭാഗങ്ങളിലും മയിലുകളെ വ്യാപകമായി കാണുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സാധാരണ വനംവകുപ്പിനെ അറിയിച്ചാൽ അവരെത്തി ഇവയെ പിടിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് പതിവ്. തിങ്കളാഴ്ച പറന്നുവന്ന മയിൽ അബദ്ധത്തിൽ ട്രാൻസ്ഫോർമറിൽ കുടുങ്ങി അപകടം സംഭവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.