തിരുവനന്തപുരം: മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ അൽപസമയം ചെലവഴിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് 25കാരനായ ആശിഷ് എസ്. കുമാർ എന്ന ‘മെസി- മിഡാസ്’. തിരക്കേറിയ തെരുവികളിലോ മാളുകളിലോ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് അവരറിയാതെ ആ മുഖം തന്റെ ചിത്ര പുസ്തകത്തിലേക്കോ പോസ്റ്റ് കാർഡിലേക്കോ പകർത്തും. അപ്രതീക്ഷിതമായി ഈ ചിത്രവുമായി അവർക്ക് മുന്നിലെത്തുമ്പോൾ അവരിലുണ്ടാകുന്ന ചിരിയാണ് ഈ ചെറുപ്പക്കാരന്റെ സമ്പാദ്യം.
ഒരിക്കൽ, കിഴക്കേകോട്ടയിലെ നടപ്പാതയിൽ കശുവണ്ടി വിൽപന നടത്തുന്ന വയോധികയുടെ ചിത്രം വരച്ചു. തന്റെ ചിത്രം കണ്ടിട്ടും ചിരിക്കാൻ മടിച്ച അവർക്ക് കച്ചവടം നടന്നില്ലെന്ന പരിഭവം. ആ അമ്മയെ സന്തോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആശിഷ് വിൽപനക്ക് സഹായിച്ചു. മുഴുവൻ വിറ്റു തീർന്നു. ഇതിനിടെ കശുവണ്ടി വാങ്ങാൻ വന്നവരിൽ നടൻ ഭീമൻ രഘുവുമുണ്ടായിരുന്നു. കശുവണ്ടി വിറ്റു തീർന്നതോടെ തന്റെ ചിത്രത്തിലേക്ക് ഒന്നു കൂടി നോക്കി ആ അമ്മചോദിച്ചു ‘ചായ വാങ്ങി തരട്ടെ’. വെയിലേറ്റ് വാടിയ അവരുടെ മുഖത്ത് അപ്പോൾ തെളിഞ്ഞ ചെറുചിരി ഹൃദയത്തിൽ നിന്നുണ്ടായതാണെന്ന് ആശിഷ് ഓർക്കുന്നു. അരലക്ഷത്തിധികം പേർ പിന്തുടരുന്ന ‘മെസി- മിഡാസ്’ എന്ന പേജിൽ ‘ഓപറേഷൻ സ്മൈൽ സ്പ്രെഡ്’എന്ന പേരിൽ റീലുകളിലൂടെ നിരവധി പേരുടെ സന്തോഷം ഇതുപോലെ കൂടുതൽ പേരിലെത്തിക്കുന്നു.
അഞ്ച് വർഷം മുമ്പ് നേപിയർ മ്യുസിയത്തിൽ നിന്നാണ് മറ്റുള്ളവരുടെ ചിരി പരത്തുന്ന കണ്ടന്റ് എന്ന ആശയത്തിലേക്ക് എത്തിയത്. മ്യൂസിയം ഗേറ്റിന് സമീപം കളിപ്പാട്ടങ്ങൾ വിറ്റിരുന്നു ഉത്തരേന്ത്യക്കാരനായ ഒരാളുടെ ചിത്രം വരച്ചു കൊടുത്തപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം കണ്ടപ്പോഴാണ് തന്റെ അൽപ സമയം മറ്റുള്ളവരിലുണ്ടാക്കുന്ന ചിരിയെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ലാമിനേറ്റ് ചെയ്ത തന്റെ ചിത്രവുമായി ആ അഥിതി തൊഴിലാളി തന്നെ തേടിയെത്തിത് ആശിഷ് ഓർക്കുന്നു. പിന്നിൽ ‘ചിരിക്കില്ലേ’എന്നോ ഇംഗ്ലീഷിലോ ഹിന്ദിയിലോ മലയാളത്തിലോ സന്തോഷവുമായി ബന്ധപ്പെട്ട കുറിപ്പുകൾ സഹിതമാണ് ചിത്രം വരച്ച കൊടുക്കുന്ന പോസ്റ്റ് കാർഡ് കൈമാറുന്നത്.
തിരഞ്ഞെടുക്കുന്നവർ അറിയാതെ വരച്ച് നൽകി അപ്രത്യക്ഷമാകുമ്പോൾ അവരിലുണ്ടാകുന്ന സന്തോഷം മൊബൈലിൽ പകർത്തുന്ന ഇപ്പോഴത്തെ റീലുകളിലധികവും വൈറലാണ്. ബാലരാമപുരം ചപ്പാത്ത് തിലക് നഗർ സ്വദേശിയാണ് ക്രൈസ്റ്റ് നഗർ കോളജിൽ നിന്ന് എം.കോം പൂർത്തിയാക്കിയ ആശിഷ്. ഹ്യുമാനിറ്റീസ് പഠിച്ച് സിവിൽ സർവീസ് നേടാനായിരുന്നു ആഗ്രഹമെങ്കിലും സാഹചര്യങ്ങൾ തന്നെ കൊമേഴ്സ് വിദ്യാർഥിയാക്കി. കൂലി തൊഴിലാളികളായ സുനിൽ കുമാറും ഷീജയുമാണ് മാതാപിതാക്കൾ. എം.ജി കോളജിൽ എം.എസ്സി വിദ്യാർഥിയായ ആർഷ് എസ്. കുമാർ സഹോദരിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.