തിരുവനന്തപുരം: സ്വിവറേജ് ലൈനിനായി കൊണ്ടുവന്ന പൈപ്പുകൾ വഴിയിലിട്ടതിനെ തുടർന്ന് ‘വഴി മുട്ടി’യ ആനയറ മഹാരാജ ഗാർഡൻസ് റെസിഡന്റ്സ് അസോസിയേഷനിലെ വീട്ടുകാർക്ക് സന്തോഷവാർത്ത, കേടുപാട് തീർത്ത യന്ത്രഭാഗം ഉടനെത്തും. പൈപ്പുകൾ നീക്കുന്ന പ്രവൃത്തി തിങ്കളാഴ്ച പുനരാരംഭിക്കുമെന്നായിരുന്നു ആദ്യം കിട്ടിയ അറിയിപ്പ്.
എന്നാൽ, പൈപ്പുകൾ നീക്കാനുള്ള ഹൊറിസോണ്ടൽ ഡയറക്ട് ഡ്രില്ലിങ് മെഷീന്റെ അറ്റകുറ്റപ്പണിക്കായി ചൈനയിൽനിന്ന് കൊണ്ടുവരുന്ന റൊട്ടേഷൻ ഗ്രൂപ് കിറ്റ് ഡൽഹി വിമാനത്താവളത്തിൽ പരിശോധന പൂർത്തിയാക്കാനും കസ്റ്റംസ് ക്ലിയറൻസ് നേടി പുറത്തിറക്കാനും കഴിഞ്ഞില്ല. നിലവിൽ ചെന്നൈയിലെ വർക്ക് ഷോപ്പിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇതിന്റെ മേൽനോട്ടത്തിനായി വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ അസി. എൻജിനീയർ അനൂപ് വർക്ക് ഷോപ്പിലുണ്ട്.
കാര്യങ്ങൾ സുഗമമായി മുന്നോട്ടുപോകുന്നതായി അദ്ദേഹം തിരുവനന്തപുരത്ത് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ തിരുവനന്തപുരത്തെത്തിക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഇവിടെയെത്തിച്ചാലും കേടായ ഭാഗം മാറ്റി സ്ഥാപിക്കാൻ മണിക്കൂറുകൾ എടുത്തേക്കാം. എന്നാലും ബുധനാഴ്ചയോടെ തന്നെ പണി ആരംഭിക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ചൈനയിൽനിന്ന് ഇറക്കുമതി നടത്തുന്ന യന്ത്രത്തിന് 18 ലക്ഷം രൂപയാണ് ചെലവ്. 150ലധികം വീട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തി കിലോമീറ്ററുകൾ നീളത്തിൽ ജല അതോറിറ്റിയുടെ കൂറ്റൻ പൈപ്പുകൾ രണ്ടുമാസം മുമ്പാണ് കൊണ്ടുവന്നിട്ടത്. ഇതോടെ, വീടുകളിൽനിന്ന് വാഹനം പുറത്തിറക്കാൻ കഴിയാത്ത അവസ്ഥ വന്നിരുന്നു. ആശുപത്രിയിലേക്ക് പോകേണ്ട രോഗികളും ഏറെ കഷ്ടപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.