തിരുവനന്തപുരം: സ്വിവറേജ് ലൈനിനായി കൊണ്ടുവന്ന പൈപ്പുകൾ വഴിയിൽ നിരത്തിയിട്ടതോടെ നാട്ടുകാർ അക്ഷരാർത്ഥത്തിൽ വീട്ടുതടങ്കലിലായി. ആനയറയിൽ നിന്ന് ലോർഡ്സ് ആശുപത്രിയിലേക്ക് പോകുന്ന മഹാരാജാസ് ലെയിനിലാണ് 150 ലധികം വീട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി കിലോമീറ്ററുകൾ നീളത്തിൽ ജല അതോറിറ്റിയുടെ കൂറ്റൻ പൈപ്പുകൾ രണ്ടുമാസം മുമ്പ് കൊണ്ടിട്ടത്. ഇതോടെ വീടുകളിൽ നിന്ന് വാഹനം പുറത്തിറക്കാൻ കഴിയുന്നില്ല.
കുമാരപുരം പൂന്തി റോഡിൽ മുഖക്കാട് പാലത്തിന് സമീപം പുതുതായി നിർമിക്കുന്ന ഡ്രെയിനേജ് പമ്പിങ് സ്റ്റേഷനിൽനിന്ന് ബൈപാസിൽ കൂടി മുട്ടത്തറ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് പൈപ്പ് ബന്ധിപ്പിക്കുന്ന പണികളാണ് നടക്കുന്നത്.
മന്ത്രിയെയും കോർപറേഷനെയും വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഷീന പറഞ്ഞു. കരാറുകാരെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് കൈയ്യൊഴിയാനാണ് ജനപ്രതിനിധികളുടെ ശ്രമം. മലിനജലം ഒഴുക്കിക്കളയാനാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. എന്നാൽ, വേനൽക്കാലത്ത് സുഗമമായി നടക്കേണ്ടിയിരുന്ന നിർമാണ പ്രവർത്തികൾ മഴയെത്തിയിട്ടും ആരംഭിച്ചിട്ടില്ല.
തിരുവനന്തപുരം: വഞ്ചിയൂർ ഖാദി ബോർഡ് ഓഫിസ് റോഡിൽ ഓട പൊളിച്ചിട്ട് രണ്ടു മാസം. ഇതുവരെയും നവീകരണം പൂർത്തിയാകാത്തതിനാൽ കടുത്ത ദുർഗന്ധം മൂലം വലയുകയാണ് പ്രദേശവാസികളായ 150 ലധികം വീട്ടുകാർ.
നവീകരത്തിനിടെ കുടിവെള്ളം കൊണ്ടുപോകുന്ന കാസ്റ്റ് അയൺ പൈപ്പ് പൊട്ടി. ഇതിന്റെ വാൽവ് കണ്ടെത്താൻ ജല അതോറിറ്റിക്ക് ഇതുവരെ കഴിഞ്ഞില്ല. അതിനാൽ കുടിവെള്ളം കൂടി കലർന്ന് ശുചിമുറി മാലിന്യം പുറത്തേക്കൊഴുകാൻ തുടങ്ങി. ഇതോടെ കൊതുകും ഈച്ചയും ആർക്കുന്ന അവസ്ഥയിലാണ് ഇവിടെ ജനത്തിന്റെ ജീവിതം.
അറ്റകുറ്റപ്പണി വേഗത്തിലാക്കാൻ ശ്രമമുണ്ടെങ്കിലും ഉടനെയൊന്നും തീരുന്ന മട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കോർപറേഷനോടു പറഞ്ഞിട്ട് കാര്യമില്ലെന്നും അവർ പറയുന്നു. ചിറക്കുളം റോഡിൽ നിന്നുള്ള ഓട പഴയ ഖാദി ബോർഡ് ഓഫിസിനു മുന്നിലെത്തുമ്പോൾ വീതി കുറയുന്ന അവസ്ഥയുണ്ട്.
മറ്റൊരു റോഡിൽ നിന്നുള്ള ഓടയും ഇവിടെ ചേരും. വഞ്ചിയൂർ കോടതിക്കു മുന്നിലൂടെ ഇത് ആമയിഴഞ്ചാൻ തോടിലേക്ക് ചെന്നുചേരും. മഴക്കാലത്ത് പലവിധ മാലിന്യങ്ങൾ വന്നുനിറയുന്നതോടെ ഓടയുടെ ഒഴുക്ക് തടസപ്പെടുകയും ചെളി നിറയുകയും ചെയ്യും. ഇത് പരിഹരിക്കാനാണ് ഓട വീതികൂട്ടാൻ തീരുമാനിച്ചത്. എന്നാൽ അതിപ്പോൾ കൂടുതൽ ദുരിതം വിതക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.