തിരുവനന്തപുരം: ദീർഘകാല പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് സർക്കാറിന്റെ ആസൂത്രണ ബോർഡ് മാതൃകയിൽ കോർപറേഷനിൽ ആസൂത്രണ സെൽ രൂപവത്കരിക്കുന്നു. നഗരാസൂത്രണം, എൻജിനീയറിങ്, റവന്യൂ, ആരോഗ്യം, സത്ഭരണം, പേഴ്സണൽ മാനേജ്മെന്റ് എന്നീ മേഖലകളിൽ സെല്ലിന്റെ പ്രവർത്തനം ഉപയോഗപ്പെടുത്താൻ കൗൺസിൽ യോഗം തീരുമാനിച്ചു.
സിവിൽ എൻജിനീയറിങ്, ആർക്കിടെക്ട്, അർബൻ മാനേജ്മെന്റ്, പേഴ്സണൽ മാനേജ്മെന്റ്, എൺവയൺമെന്റൽ എൻജിനീയറിങ്, സാനിട്ടറി എൻജിനീയറിങ്, അക്കൗണ്ടിങ്, ഐ.ടി തുടങ്ങിയ പ്രഫഷണലുകളെ ഇന്റേൺഷിപ് അടിസ്ഥാനത്തിൽ സെല്ലിൽ നിയമിക്കാനും കൗൺസിൽ തീരുമാനിച്ചു. സി. ജയൻബാബു മേയറായിരിക്കെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 2006ൽ രൂപംനൽകിയ പ്രോജക്ട് സെക്രട്ടേറിയറ്റ് സംവിധാനത്തെ സംയോജിപ്പിച്ചാണ് സെൽ രൂപവത്കരിക്കുന്നത്.
കാണാതായ വാഹനങ്ങൾ കണ്ടെത്താൻ രൂപവത്കരിച്ച സെർച്ച് കമ്മിറ്റി കണ്ടെത്തിയ 16 വാഹനങ്ങൾ ലേലം ചെയ്യുന്നതിന് കൗൺസിൽ അനുമതി നൽകി. വിളപ്പിൽശാല ചവർ ഫാക്ടറി പ്രവർത്തിച്ചിരുന്ന സമയത്ത് ഹെൽത്ത് സർക്കിളുകൾക്കും കുടുംബശ്രീ യൂനിറ്റുകൾക്കുമായി 73 വാഹനങ്ങളാണ് നൽകിയത്. ഫാക്ടറി പൂട്ടിയതിന് പിന്നാലെ ഈ വാഹനങ്ങൾ ജഗതി ഗ്രൗണ്ടിലേക്ക് മാറ്റി. മഴയും വെയിലുമേറ്റ് പലതും ഉപയോഗയോഗ്യമല്ലാതായി. ഇതിൽനിന്നാണ് 19 പിക് അപ് ഓട്ടോറിക്ഷകൾ സെർച്ച് കമ്മിറ്റി കണ്ടെത്തിയത്.
കഴിഞ്ഞ ആറ്റുകാൽ പൊങ്കാലക്ക് ശേഷമുള്ള ശുചീകരണം വിവിധ സംഘടനകളുടെ സഹായത്തോടെ പണച്ചെലവില്ലാതെ നടത്തിയ ഭരണസമിതിയെ അഭിനന്ദിച്ച് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്. സലിം വാക്കാൽ പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിന്മേലുള്ള ചർച്ച ഉച്ചക്ക് ആരംഭിച്ച് വൈകീട്ട് നാലുവരെ നീണ്ടു. അജണ്ടകൾ പരിഗണിക്കാതെ പ്രമേയം ചർച്ച ചെയ്യുന്നതിനെതിരെ യു.ഡി.എഫ് കൗൺസിലർ ഓമന രംഗത്തെത്തി. ഇതിനെതുടർന്നാണ് അജണ്ടകൾ പരിഗണിച്ചുതുടങ്ങിയത്. നിരത്തുകളിൽ പൊങ്കാലയർപ്പിച്ചാലും അടുത്ത വർഷവും പണച്ചെലവില്ലാതെ ശുചീകരണം ഏറ്റെടുക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
അനന്തപുരി എഫ്.എം സ്റ്റേഷന്റെ പേരും പരിപാടികളുടെ ഉള്ളടക്കവും മാറ്റിയ ഓൾ ഇന്ത്യ റേഡിയോയുടെ നടപടി തിരുത്തണമെന്ന് പ്രമേയത്തിലൂടെ കൗൺസിൽ ആവശ്യപ്പെട്ടു. വിഷയം സംബന്ധിച്ച് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിനും പ്രസാർ ഭാരതി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർക്കും കത്തയച്ചതായി മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.