തിരുവനന്തപുരം: സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ സെപ്റ്റംബർ 13 വരെ പ്ലസ് വൺ പരീക്ഷകൾ മാറ്റിവെക്കും. 13ന് കേസ് കോടതി വീണ്ടും പരിഗണിക്കുേമ്പാൾ സർക്കാർ നിലപാട് വ്യക്തമാക്കി വിശദ സത്യവാങ്മൂലം സമർപ്പിക്കാനാണ് വിദ്യാഭ്യാസവകുപ്പിെൻറ തീരുമാനം. തുടർന്നുള്ള കോടതി നിർദേശം നോക്കി തുടർനടപടികൾ സ്വീകരിക്കും. തിങ്കളാഴ്ച പരീക്ഷ തുടങ്ങാനിരിക്കെയാണ് പരീക്ഷ നടത്തിപ്പിന് അപ്രതീക്ഷിത സ്റ്റേ വരുന്നത്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം പരിഗണിക്കാതെ ഒാഫ്ലൈൻ പരീക്ഷ നടത്തുന്നതിനെ തുടർന്നാണ് കോടതി ഇടപെടൽ. പരീക്ഷ മാറ്റിവെക്കണമെന്ന് വ്യാപക ആവശ്യം ഉയർന്നിരുന്നെങ്കിലും വിദ്യാഭ്യാസവകുപ്പ് മുന്നോട്ടുപോകുകയായിരുന്നു.
വിദ്യാർഥികൾക്ക് ഒരു ദിവസം പോലും ക്ലാസ് റൂം അധ്യയനം ലഭിക്കാത്തത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പരീക്ഷ മാറ്റണമെന്ന ആവശ്യമുയർന്നത്. മുൻ വർഷങ്ങളിലെല്ലാം മാതൃക പരീക്ഷ നടന്നപ്പോൾ ഇൗ വർഷം നടത്തുന്നില്ലെന്നതും പരാതിയായി. അവസാന നിമിഷം വിദ്യാർഥികളെ വീട്ടിലിരുത്തി ഒാൺലൈനായി ചോദ്യപേപ്പർ നൽകി മാതൃക പരീക്ഷയും നടത്തിവരികയായിരുന്നു. മാതൃക പരീക്ഷ ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വൺ പൊതുപരീക്ഷക്ക് സ്റ്റേ വരുന്നത്. പരീക്ഷകൾക്കിടയിൽ ഇടവേള കുറവാണെന്ന പരാതി ഉയർന്നതോടെ സെപ്റ്റംബർ ആറിന് തുടങ്ങി 16ന് അവസാനിക്കേണ്ടിയിരുന്ന പരീക്ഷ 27 വരെ ദീർഘിപ്പിക്കുകയും ചെയ്തു. കോവിഡ് സാഹചര്യത്തിൽ പ്ലസ് വൺ പരീക്ഷ ഉപേക്ഷിക്കണമെന്ന നിർദേശം വിദ്യാഭ്യാസവകുപ്പിൽ നിന്നുതന്നെ ഉയർന്നിരുന്നു. എന്നാൽ, പരീക്ഷ മാറ്റേണ്ടതില്ലെന്നും കഴിഞ്ഞ മാർച്ചിൽ നടത്തേണ്ട പരീക്ഷ പുതിയ അധ്യയനവർഷത്തിൽ ഒാണാവധിക്കുശേഷം നടത്താനും തീരുമാനിക്കുകയായിരുന്നു. പ്ലസ് വൺ പരീക്ഷ എഴുതാനായി ഇൗ വിദ്യാർഥികളുടെ പ്ലസ് ടു ഡിജിറ്റൽ ക്ലാസുകൾ ജൂലൈ അവസാനം മുതൽ നിർത്തിവെച്ചിരിക്കുകയാണ്.
അണുനശീകരണം ഉൾപ്പെടെയുള്ള ശുചീകരണവും പൂർത്തിയാക്കിയിട്ടുണ്ട്. പരീക്ഷക്ക് സ്റ്റേ വന്നതോടെ നടത്തിപ്പിനായി വിദ്യാഭ്യാസവകുപ്പ് കൊണ്ടുവന്ന ക്രമീകരണങ്ങളെല്ലാം വൃഥാവിലായി. സ്കോൾ കേരളക്ക് (ഒാപൺ സ്കൂൾ) കീഴിൽ ഉൾപ്പെടെ 4.35 ലക്ഷം വിദ്യാർഥികളാണ് പ്ലസ് വൺ പരീക്ഷയെഴുതാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.