തിരുവനന്തപുരം: 2020 ജനുവരിയിൽ 86ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി വീട്ടിലെത്തിയവരോട് കവയിത്രി സുഗതകുമാരി പറഞ്ഞു -'ഈ കെട്ടകാലത്തുനിന്ന് എത്രയും വേഗം അങ്ങ് വിളിക്കണേ എന്നാണ് പ്രാർഥന'. മാർച്ചിൽ കോവിഡ് വന്നു. ഡിസംബറിൽ സുഗതകുമാരി ടീച്ചറെയും കവർന്നു...
കോവിഡ് കടന്നുവരുംവരെ എല്ലാ പിറന്നാൾ ദിനത്തിലും രാഷ്ട്രീയ-സാംസ്കാരിക-മത നേതാക്കളും സ്കൂൾ വിദ്യാർഥികളും ടീച്ചറെ ആശംസിക്കാനെത്തിയിരുന്നു.
അതൊക്കെ ടീച്ചർ ആസ്വദിച്ചിരുന്നു. 88ാം പിറന്നാൾ ദിനമായ ശനിയാഴ്ച ടീച്ചറുടെ ഓർമകളുമായി മതനേതാക്കളും സാംസ്കാരിക നേതാക്കളും വിദ്യാർഥികളും ഓൺലൈനായി ഒത്തുകൂടി. ടീച്ചറുടെ വേർപാട് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് ശാന്തിസമിതി രക്ഷാധികാരികളായ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി സൂക്ഷ്മാനന്ദ എന്നിവർ പറഞ്ഞു. ശാന്തിസമിതി ചെയർപേഴ്സൺ കൂടിയായിരുന്നു സുഗതകുമാരി.
സുഗതകുമാരിയുടെ ജീവിതവും പ്രവർത്തനങ്ങളും സന്ദേശങ്ങളും പുതിയതലമുറയിൽ എത്തിക്കാൻ വെബ്സൈറ്റ് ഉണ്ടാക്കൽ ഉൾപ്പെടെ പ്രവർത്തനങ്ങൾ തുടങ്ങിയെന്ന് ശാന്തിസമിതി സെക്രട്ടറി ജെ.എം. റഹിം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.