തിരുവനന്തപുരം: കാൽനടയാത്രക്കാർക്ക് അപകടക്കെണിയായ ഓവർ ബ്രിഡ്ജ് മുതൽ അട്ടക്കുളങ്ങവരെയുള്ള ഭാഗത്ത് ഗതാഗാത നിയന്ത്രണത്തിന് കൂടുതൽ പൊലീസുകാരെ നിയോഗിക്കാൻ നടപടിയില്ല. വെള്ളിയാഴ്ച കേരള ബാങ്ക് ജീവനക്കാരൻ ബസുകൾക്കിടയിപ്പെട്ട് മരിച്ചതോടെ പൊലീസ് ‘ഉണർന്ന്’ പ്രവർത്തിച്ചിരുന്നു.
ശനിയാഴ്ച രാവിലെ മുതൽ കൂടുതൽ പൊലീസുകാരും ട്രാഫിക് വാർഡന്മാരും കിഴക്കേക്കോട്ട, അട്ടക്കുളങ്ങര ഭാഗങ്ങളിൽ ഡ്യൂട്ടിക്കെത്തി. എന്നാൽ, അവധിദിവസമായിരുന്നിട്ടും തിരക്കുണ്ടായിരുന്ന ഞായാറാഴ്ച കിഴക്കേക്കോട്ട ഭാഗത്തടക്കം പൊലീസ് സാന്നിധ്യം നാമമാത്രമായിരുന്നു.
സ്വകാര്യ, കെ.എസ്.ആർടി.സി ബസുകളുടെ അലക്ഷ്യമായ ഡ്രൈവിങ്, റോഡിന് നടുവിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യൽ, മറ്റ് വാഹനങ്ങളേയും കാൽനടക്കാരെയും പരിഗണിക്കാതെയുള്ള ഓവർടേക്കിങ് എന്നിവ തടയാനും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും പൊലീസ് മടിക്കുകയാണ്. സിഗ്നലുകൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരെയും അനുവദനീയമല്ലാത്ത ഭാഗങ്ങളിലെ ‘യൂടേണി’നെതിരെയും പൊലീസ് മൗനം പാലിക്കുന്ന സാഹചര്യമുണ്ട്.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ ചിത്രം പിഴ ചുമത്താനായി മൊബൈൽ ഫോണിൽ പകർത്തുന്ന തിരക്കിലായിരിക്കും മിക്കപ്പോഴും ഡ്യൂട്ടിയിലുള്ള പൊലീസുകാർ. പിഴഈടാക്കി ‘ക്വാട്ട’ തികക്കാനുള്ള തിരക്കിൽ ഇവർ ശ്രദ്ധിക്കുമ്പോൾ മറ്റ് നിയമലംഘനങ്ങൾ തടയാൻ ആളില്ലാത്ത സ്ഥിതിയാണ്.
കിഴക്കേക്കോട്ടയിലെ കെ.എസ്.ആർ.ടി.സിയുടെ നോർത്ത് ബസ് സ്റ്റാൻഡിൽ മുഴുവൻ സമയ പൊലീസ് ഔട് പോസ്റ്റ് അനിവാര്യമാണെങ്കിലും നടപടിയില്ല. അട്ടക്കുളങ്ങര മുതൽ ഓവർബ്രിഡ്ജ്വരെയുള്ള ഭാഗത്തെ അനധികൃത പാർക്കിങ്, റോഡ് കൈയേറിയുള്ള കച്ചവടങ്ങൾ എന്നിവയും അപകടമുണ്ടാക്കുന്ന ഘടകങ്ങളാണ്. കിഴക്കേക്കോട്ടയിൽ കാൽനടമേൽപാലം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൂടെ സഞ്ചരിക്കുന്നവർ അപൂർവം.
കാൽനടക്കാരുടെ സഞ്ചാരം മേൽപാലം വഴിയാക്കാനുള്ള ഇടപെടൽ അധികൃതർ നടത്തുന്നുമില്ല. ബി.ഒ.ടി വ്യവസ്ഥയിൽ നഗരസഭയുടെ മേൽനോട്ടത്തിൽ നിർമിച്ച കാൽനടമേൽപാലംകൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാണിപ്പോൾ. കിഴക്കേകോട്ടയിലെ കെ.എസ്.ആർ.ടി.സിയുടെ നോർത്ത് ബസ് സ്റ്റാൻഡിൽ ബസുകൾ തോന്നുംപടി നിർത്തുന്നതുമൂലം വാഹനയാത്ര ദുഷ്കരമാകുന്നതിനൊപ്പം ഗതാഗതക്കുരുക്കും വർധിക്കുന്നു.
ബസ് ബേക്കുള്ള വീതിമാത്രമുള്ള ഇവിടെ ഒട്ടുമിക്ക സിറ്റി സർവിസുകളും എത്തുന്നുണ്ട്. സ്റ്റാൻഡിന് ഉൾക്കൊള്ളാവുന്നതിലധികം ബസുകൾ എത്തുന്നതോടെ റോഡിൽ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാനാവാത്ത സ്ഥിതിയുണ്ടാവുന്നു.
നോർത്ത് ബസ് സ്റ്റാൻഡിനോട് ചേർന്ന് സ്വകാര്യ ബസുകളും നിയന്ത്രണവുമില്ലാതെ നിർത്തുന്നതിനാൽ കിഴക്കേകോട്ട വഴിയുള്ള ഓട്ടോകളും കാറുകളുമടക്കം മറ്റ് വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുന്നു.
കാൽനടയാത്രികർക്കും ഭയരഹിതമായി റോഡ് മുറിച്ചുകടക്കാൻ കഴിയില്ല. റോഡ് മുറിച്ചുകടക്കവെ ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചവർ നിരവധിയാണ്. തിരക്കേറിയ അട്ടക്കുളങ്ങര ജങ്ഷനിൽ സിഗ്നൽ ലൈറ്റ് പ്രവർത്തിപ്പിക്കാത്തത് ഇവിടം അപകട മേഖലയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.