മാർത്താണ്ഡം: പമ്മം മുതൽ വെട്ടുവേനിവരെ 2.2 കിലോമീറ്റർ ദൂരത്തിൽ പണിത മാർത്താണ്ഡം മേൽപാലത്തിൽ ചൊവ്വാഴ്ച കോൺക്രീറ്റ് പാളികൾ അടർന്നു വീണു; ഇതോടെ ഗതാഗതം താറുമാറായി.
തിരുവനന്തപുരം-നാഗർകോവിൽ ഭാഗത്തേക്കുള്ള യാത്രക്കാരാണ് മണിക്കൂറുകളോളം ഗതാഗത കുരുക്കിൽപ്പെട്ടത്. പമ്മംഭാഗത്ത് നിന്ന് മേൽപാലം തുടങ്ങുന്ന നൂറ് മീറ്റർ അകലെ ഏകദേശം രണ്ട് മീറ്റർ വ്യാസത്തിൽ പാലത്തിൽ കുഴി രൂപപ്പെട്ടു.
ഇരുമ്പ് തൂണുകൾക്ക് മുകളിൽ സ്ഥാപിച്ച സ്പാനിലെ ലോഹ നിർമിത ഷീറ്റ് തകർന്നാണ് കോൺക്രീറ്റ് പാളികളും മറ്റും ഇളകി വീണത്. ഇതോടെ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ഇരു ഭാഗത്തേയും ഗതാഗതം മേൽപാലത്തിനു താഴത്തെ പഴയ റോഡിൽ കൂടി തിരിച്ചു വിട്ടു. റോഡിന്റെ അപകടസ്ഥിതിയെക്കുറിച്ച് ദേശീയപാത വകുപ്പിനെ വിവരം അറിയിച്ചു. അവരുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായി ഒരു മറുപടി ഇതുവരെയും ലഭിച്ചില്ല.
2018 ഡിസംബറോടെയാണ് മാർത്താണ്ഡം, പാർവതിപുരം ഭാഗത്ത് ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായി ഇരുമ്പ് മേൽപാലങ്ങൾ പണിതത്.
മാർത്താണ്ഡത്ത് 220 കോടി ചെലവിലാണ് പാലം പണിപൂർത്തിയായത്. 112 ഇരുമ്പ് തൂണുകളും 21 കോൺക്രീറ്റ് തൂണുകളും പണിതാണ് അതിൽ സ്പാനിന് മുകളിൽ ലോഹ ഷീറ്റ് പാകി മുകളിൽ കോൺക്രീറ്റ് ചെയ്ത് അതിന് മുകളിലാണ് ടാറിങ് ചെയ്തിട്ടുള്ളത്.
പാലം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ കുലുങ്ങുന്നതായി പൊതുജനങ്ങൾ പരാതിപ്പെട്ടപ്പോൾ അത് സ്വാഭാവികം എന്നാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായ മറുപടി.
കൂടാതെ, മേൽപാലത്തിൽ കൂടി 40 കി.മീറ്റർ വേഗത്തിൽ മാത്രമേ പോകാവൂ, അമിത വേഗം കുറയ്ക്കണം ഓവർ ടേക്കിങ് പരമാവധി ഒഴിവാക്കണം എന്നെല്ലാം നിർദേശിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ബൈക്കപകടങ്ങൾ പതിവായി. അടുത്തിടെ കെ.എസ്.ആർ.ടി.സി ബസ് ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ ഇടിച്ച് ഡ്രൈവർ മരിച്ചിരുന്നു.
വിഴിഞ്ഞം തുറമുഖം പണി തുടങ്ങിയതു മുതൽ തമിഴ്നാട്ടിൽ പാറക്കല്ലും പാറപ്പൊടിയും മറ്റുമായി പോകുന്ന ടോറസ് ലോറികളുടെ എണ്ണം വർധിച്ചതും പാലത്തിന്റെ ക്ഷയത്തിന് കാരണമായി നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ 750 ൽപരം ടോറസ് ലോറികൾ രാത്രിയും പകലുമായി കേരളത്തിലും തമിഴ്നാട്ടിലും സർവിസ് തുടരുകയാണ്.
പാലം പൂർണമായി പൊളിച്ച് മാറ്റണമെന്ന് വിളവങ്കോട് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച താരകൈ കദ്പർ ആവശ്യപ്പെട്ടു. േടാറസ് ലോറികളുടെ അമിത ഉപയോഗമാണ് പാലം കേടാകാൻ കാരണമെന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.