അമ്പലത്തറ: വറ്റല്‍ മുളകിന് ഒറ്റയടിക്ക് കിലോക്ക് 60 രൂപ കൂടി, നിലവിലെ വില 220 രൂപ. 40 രൂപ ഉണ്ടായിരുന്ന ഗ്രീന്‍പീസിന് കിലോക്ക് വില 140 രൂപ. ഇങ്ങനെ പലവ്യഞ്ജനങ്ങളുടെ വില കുതിക്കുകയാണ്. കോവിഡിന്റെ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ പാടുപെടുന്ന കുടുംബങ്ങള്‍ക്ക് ഇരുട്ടടിയാണ് ഉപ്പ് തൊട്ട് കര്‍പൂരം വരെയുള്ള സാധനങ്ങളുടെ വില കുതിക്കുന്നത്. ഇതോടെ മിക്ക കുടുംബങ്ങളുടെയും ബജറ്റിന്റെ താളംതെറ്റി.
ബിരിയാണി അരിക്ക് കിലോക്ക് ആറുരൂപ വീതമാണ് ഉയർന്നത്. ഇതസംസ്ഥാനങ്ങളില് നിന്നെത്തുന്ന വറ്റല്‍മുളകില്‍ സൈപര്‍ മെത്രീന്, പെന്‍ഡിമെതാലിന്‍, ക്ലോര്‍പൈറിഫോസ്, എത്തയോണ്‍ തുടങ്ങിയ കീടനാശിനികളുടെ ഉപയോഗം അമിതമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ട് പോലും വില റോക്കറ്റേറുന്നു. കറിപൗഡറുകളുടെ വിലയിലും മാറ്റമുണ്ട്.
ഉഴുന്ന് 110ല്‍നിന്ന് 130ലേക്കെത്തി. വെള്ളക്കടല വില 70ല്‍നിന്നും 120ലേക്ക് ഉയര്‍ന്നു. പയര്‍ 90രൂപയില്‍നിന്നും 120ലേക്ക് കടന്നു. മല്ലിവില കിലോക്ക് നൂറിൽ നിന്ന് 140ലേക്കെത്തി. പത്ത് രൂപ ഉണ്ടായിരുന്ന കവര്‍ ഉപ്പിന് 15 രൂപയായി. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ശക്തമായ ഇടപെടലുകളില്ലാത്ത സാഹചര്യം മുതലാക്കി ഇടനിലക്കാരുടെ പിന്തുണയോടെയാണ് മൊത്തവിതരണക്കാര്‍ തോന്നുംപടി വിലയുയര്‍ത്തുന്നത്. പാമോയിലിന്റെയും സൂര്യകാന്തി എണ്ണയുടെയും വില ദിനംപ്രതി മാറിമാറിയുകയാണ്. തെക്കന്‍ കേരളത്തില്‍ സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന സുരേഖ, ജയ അരികളുടെ വിലകളിലും കിലോക്ക് ഒരുരൂപ മുതല്‍ രണ്ടുരൂപ വരെ കൂടി.
സര്‍ക്കാര്‍ സര്‍ക്കുലറുകൾക്ക് പുല്ലുവില
സബ്സിഡി നിരക്കിലുള്ള സാധനങ്ങള്‍ക്ക് പൊതുവിപണിയില്‍ വില ഉയര്‍ന്നാലും ഇല്ലെങ്കിലും സര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ച നിരക്ക് പ്രകാരം മാത്രമേ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പാടുളളൂവെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ച് സബ്സിഡി സാധനങ്ങളുടെ വില നിശ്ചയിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും മുഖവിലക്ക് എടുക്കാതെയുള്ള കച്ചവടങ്ങളാണ് ഇവിടെയും നടക്കുന്നത്.
വില പിടിച്ചുനിർത്താൻ നടപടിയില്ല
സ്ത്രോതസ്സുകളില്നിന്ന് നേരിട്ടുവാങ്ങി സാധനങ്ങൾ വിപണിയിലെത്തെിക്കുമെന്ന് ഭക്ഷ്യവകുപ്പ് ഇടക്കിടെ പ്രഖ്യാപനം നടത്താറുണ്ടങ്കിലും ഒന്നും നടക്കുന്നില്ല. പാക്കറ്റ് സാധനങ്ങളുടെ വില ഉയര്‍ന്നുതുടങ്ങിയതോടെ അനുവദനീയമായതിലും കൂടുതല്‍ വിഷാംശം കലര്‍ന്ന മസാലക്കൂട്ടുകളുടെ പാക്കറ്റുകള്‍ അതിര്‍ത്തി കടന്ന് വ്യാപകമായി വിപണികളിലെത്തുന്നു. കുറഞ്ഞവിലക്ക് വില്ക്കാന് കഴിയുമെന്നതും കൂടുതല്‍ ലാഭം കിട്ടുമെന്നതും മൂലം കച്ചവടക്കാര്‍ക്കും ഇതിനോടാണ് താല്പര്യം.
ആന്ധ്രയില്‍ വിളയുന്ന അരി മാസങ്ങള്‍ക്ക് മുമ്പേ വിളവെടുത്ത് മൊത്തവിതരണക്കാരുടെ ഗോഡൗണുകളില്‍ എത്തിക്കുന്നുണ്ട്. എന്നാൽ കുറഞ്ഞ വിലക്കെടുത്ത് പൂഴ്ത്തിവെച്ചിരിക്കുന്ന അരിക്ക് ഇടനിലക്കാരുടെ സഹായത്താല്‍ വില ഉയര്‍ത്തി മാര്‍ക്കറ്റിലെത്തിക്കും. ഇതിന് പുറമേ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന അരി പോളിഷിങ് നടത്തി ജയ, സുരേഖ, റോസ് എന്നീ ബ്രാന്‍ഡുകളെന്ന് തെറ്റിദ്ധരിപ്പിച്ചുള്ള വിൽപനയും നടക്കുന്നു. സപ്ലൈകോയില്‍ നിലവില്‍ ആവശ്യത്തിനുള്ള സാധനങ്ങൾ ലഭിക്കാത്തത് സാധാരണക്കാരെ വലക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.