തിരുവനന്തപുരം: അതിശക്തമായ മഴയിൽ ജില്ലയിൽ വ്യാപകനാശനഷ്ടം. തിരുവനന്തപുരം മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ വള്ളം മറിഞ്ഞു. മൂന്നു തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു; വള്ളം ഒഴുകിപ്പോയി. ഡാമിൽ വെള്ളമുയർന്നതിനെ തുടർന്ന് നെയ്യാറിന്റെ അഞ്ച് ഷട്ടറുകളും 120 സെ.മീ വീതം ഉയർത്തി.
മഴ ശക്തമായതോടെ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം, ബീച്ചിലേക്കുള്ള വിനോദസഞ്ചാരം എന്നിവ നിരോധിച്ചു. ജില്ലയില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെയാണ് മഴ പ്രതീക്ഷിക്കുന്നത്.
ഇടവിട്ടുള്ള ശക്തമായ മഴയിൽ ജില്ലയിൽ പലയിടത്തും വീടുകൾക്ക് വ്യാപക നാശനഷ്ടമുണ്ടായി. 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു. തിരുവനന്തപുരം താലൂക്കിൽ ശക്തമായ കാറ്റിൽ ഒരു വീടിന്റെയും ഒരു കടയുടെയും മേൽക്കൂര തകർന്നു. ബുധനാഴ്ച ജില്ലയിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
തിങ്കളാഴ്ച മുതൽ തുടങ്ങിയ മഴ ജില്ലയിൽ പലയിടത്തും തുടരുകയാണ്. തിങ്കളാഴ്ച ഉച്ചയോടെ അൽപം ശമിച്ചെങ്കിലും പിന്നീട് വീണ്ടും പെയ്തു. മലയോര മേഖലയിലും മഴ സാമാന്യം നല്ല തോതിൽ പെയ്യുകയാണ്. ആറുകളിലും തോടുകളിലും വെള്ളം ഉയർന്നിട്ടുണ്ടെങ്കിലും അപകടാവസ്ഥയില്ല.
മഴ തുടരുകയാണെങ്കിലും പേപ്പാറ ഡാമിൽ പ്രതീക്ഷിച്ചതു പോലെ ജലനിരപ്പ് ഉയർന്നിട്ടില്ല. 102.65 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. ജില്ലയിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ടായിരുന്നെങ്കിലും പേപ്പാറയുടെ വൃഷ്ടിപ്രദേശങ്ങളിൽ കാര്യമായ മഴ പെയ്തില്ല. നഗരത്തിൽ മഴയെ തുടർന്ന് പലയിടത്തും മരങ്ങൾ പിഴുതുവീണു; ആളപായമില്ല. വികാസ് ഭവൻ പൊലീസ് ക്വാർട്ടേഴസിനുള്ളിൽ മൂന്ന് മരങ്ങൾ കടപുഴകി.
അഞ്ച് പോസ്റ്റുകളും തകർന്നു. ശ്രീവരാഹത്ത് വീടിന് മുകളിൽ തെങ്ങ് വീണു. കവടിയാർ - വെള്ളയമ്പലം റൂട്ടിൽ രാജ്ഭവന് സമീപവും മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു. തൈക്കാട് അമ്മത്തൊട്ടിൽ വളപ്പിലും മരം വീണു. വഴുതക്കാട് കാർമൽ സ്കൂളിന് സമീപം കൃഷ്ണവിലാസം റോഡ്, കാരയ്ക്കാമണ്ഡപം, കരമന മേലാറന്നൂർ എന്നിവിടങ്ങളിലും ചെറിയ മരങ്ങൾ കടപുഴകി. വനിത പോളിടെക്നികിന് സമീപം നിറുത്തിയിട്ടിരുന്ന കാറിന് മുകളിൽ മരം വീണെങ്കിലും ആളപായമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.