മെഡിക്കൽ കോളജ്: കന്യാകുമാരി നാഗര്‍കോവില്‍ സ്വദേശി എം. രാജയുടെ ഹൃദയവും കരളും ഇനി മറ്റുള്ളവരില്‍ തുടിക്കും. രക്തസ്രാവത്തിലൂടെ മസ്തിഷ്ക മരണം സംഭവിച്ച 38 കാരനായ എം. രാജയുടെ ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവയാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേര്‍ക്കായി ദാനം ചെയ്തത്.
കരളും വൃക്കയും തിരുവനന്തപുരം കിംസിലേക്കും മറ്റൊരു വൃക്ക തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലേക്കും കൈമാറി. ഹൃദയം കോട്ടയം മെഡിക്കല്‍ കോളജിനാണ് നല്‍കിയത്.
ഏപ്രില്‍ 17നാണ് ഡ്രൈവറായ രാജയെ തലക്കുള്ളിലെ രക്തസ്രാവത്തെ തുടര്‍ന്ന് നാഗര്‍കോവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതിയില്‍ കാര്യമായ മാറ്റമില്ലാതെ ഏപ്രില്‍ 20ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 23ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചു.
തുടര്‍ന്ന് ഭാര്യയും ബന്ധുക്കളും അവയവദാനത്തിന് സമ്മതമേകി. ബുധനാഴ്ച രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കിംസിലെത്തി ഹൃദയം ഏറ്റെടുത്തു.
രാത്രിയില്‍ ആഭ്യന്തരവകുപ്പിന്റെ സഹായത്തോടെ ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് ഹൃദയം കോട്ടയത്തെത്തിച്ചത്. ആലപ്പുഴ സ്വദേശിയായ 26 കാരനാണ് ഹൃദയം മാറ്റിെവച്ചത്. കേരള സ്റ്റേറ്റ് ഓർഗൺ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ നേതൃത്തിലായിരുന്നു നടപടിക്രമങ്ങൾ.
വ്യാഴാഴ്ച വൈകീട്ടോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രാജയുടെ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു. ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ മുഴുവന്‍ ടീമിനെയും മന്ത്രി അഭിനന്ദിച്ചു.
രാജയുടെ ഭാര്യ എല്ലിസുമിത നാഗര്‍കോവില്‍ കോടതിയിലെ താൽക്കാലിക ജിവനക്കാരിയാണ്. പതിനഞ്ചും പതിമൂന്നും വയസ്സുള്ള കുട്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.