തിരുവനന്തപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. എലിപ്പനി ലക്ഷണങ്ങൾ കാണുകയാണെങ്കിൽ അടിയന്തര ചികിത്സ തേടണമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു അറിയിച്ചു.
എലിമൂത്രത്തിൽനിന്നാണ് എലിപ്പനി മനുഷ്യരിലേക്ക് പകരുന്നത്. എലി മൂത്രത്തിലൂടെ മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കൾ മനുഷ്യശരീരത്തിലെ മുറിവുകൾ വഴിയോ കണ്ണിലെയും മൂക്കിലേയും വായിലേയും ശ്ലേഷ്മ സ്ഥരങ്ങൾ വഴിയോ ശരീരത്തിൽ എത്തുമ്പോഴാണ് രോഗമുണ്ടാകുന്നത്. കടുത്ത പനി, തലവേദന, പേശിവേദന, വിറയൽ, കണ്ണിനുചുവപ്പുനിറം, മൂത്രത്തിന് മഞ്ഞനിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.
എലിപ്പനി മാരകമാകാമെന്നതിനാൽ ലക്ഷണങ്ങൾ ഉണ്ടായാൽ ഇ-സഞ്ജീവനിയിലൂടെയോ വീട്ടിലിരുന്നോ ചികിത്സ തേടണം. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീര കർഷകർ, വയലുകളിൽ പണിയെടുക്കുന്നവർ, റോഡ്, തോട് കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ, തുടങ്ങി ജലവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് ജോലിചെയ്യുന്നവർ തുടങ്ങിയവർ ജാഗ്രത പാലിക്കണം. ഈ വിഭാഗത്തിൽപ്പെടുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ആഴ്ചയിലൊരിക്കൽ 200 മില്ലിഗ്രാം ഡോക്സിസൈക്ലിൻ ഭക്ഷണത്തിനുശേഷം കഴിക്കണം.
ജോലിസ്ഥലത്ത് കൈയുറ, കാലുറ എന്നിവ ധരിക്കണം. കുട്ടികൾ മലിനജലത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. എലി നശീകരണമാണ് എലിപ്പനിയുടെ പ്രധാന പ്രതിരോധ നടപടി എന്നതിനാൽ ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കാനും മാലിന്യങ്ങൾ വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.