തിരുവനന്തപുരം: ജില്ല കലക്ടറേറ്റിലെ ആർ.ഡി.ഒ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷ്ടിച്ച കേസ് അട്ടിമറിക്കാൻ നീക്കം. കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് റവന്യൂമന്ത്രി കെ. രാജൻ സർക്കാറിന് സമർപ്പിച്ച ശിപാർശ നടപ്പായില്ല. ഇതിനുപിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും അത് ഔദ്യോഗിക ഉത്തരവായി പുറത്തിറങ്ങാത്ത സാഹചര്യമാണ്. അന്വേഷണം മറ്റേതെങ്കിലും ഏജൻസിയെ ഏൽപ്പിച്ചതായുള്ള അറിയിപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് നിലവിൽ കേസന്വേഷിക്കുന്ന പേരൂർക്കട പൊലീസ് പറയുന്നു. ഒരു മുൻ സീനിയർ സൂപ്രണ്ടാണ് സ്വർണമോഷണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടും ഇതേവരെ അറസ്റ്റുണ്ടായിട്ടില്ല.
അന്വേഷണം സംബന്ധിച്ച ആശയക്കുഴപ്പമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ കേസിലും മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിലും മണിക്കൂറുകൾക്കുള്ളിൽ പ്രത്യേക സംഘത്തെ രൂപവത്കരിച്ച് ഉത്തരവിറക്കിയിട്ടും ഏറെ വിവാദമായ ഈ സംഭവത്തിൽ അധികൃതർ മെെല്ലപ്പോക്കിലാണ്.
ആർ.ഡി.ഒ കോടതിയുടെ ലോക്കറിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 140 പവനിലധികം വരുന്ന സ്വർണവും വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയത്.
തൊണ്ടിമുതലുകള്‍ കാണാതായതിന് കഴിഞ്ഞ മാസം 31നാണ് സബ് കലക്ടറുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തത്. അതിനെതുടർന്നാണ് കേസ് വിജിലൻസിന് കൈമാറാൻ റവന്യൂവകുപ്പ് ശിപാർശ ചെയ്തതും. സീനിയർ സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ് തൊണ്ടിമുതലുകളുടെ കസ്റ്റോഡിയന്‍. സ്വർണം മോഷണം പോയ കാലയളവിൽ 25 ലധികം സീനിയർ സൂപ്രണ്ടുമാരാണ് ഈ ജോലി നിർവഹിച്ചിരുന്നത്. ഇതിൽ ചിലർ ഇപ്പോള്‍ സ്ഥാനക്കയറ്റം ലഭിച്ച ഡെപ്യൂട്ടി കലക്ടർമാരാണ്, ചിലർ വിരമിച്ചു. പലരും സർവിസ് സംഘടനകളിൽ സ്വാധീനമുള്ളവരാണ്.
സീനിയർ സൂപ്രണ്ടുമാരായി ചുമതലയേറ്റെടുക്കുമ്പോള്‍ തൊണ്ടിമുതലുകള്‍ തൂക്കി തിട്ടപ്പെടുത്തി രജിസ്റ്ററിൽ രേഖപ്പെടുത്തി വേണം ഓരോ ഉദ്യോഗസ്ഥനും സ്ഥാനമേറ്റെടുക്കേണ്ടത്. പേക്ഷ ഈ മാനദണ്ഡം പല ഉദ്യോഗസ്ഥരും പാലിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.