പള്ളിക്കൽ: റീജനൽ കാൻസർ സെന്ററിലും തലശ്ശേരി മലബാർ കാൻസർ സെന്ററിലും ഈ വർഷം മുതൽ റോബോട്ടിക് കാൻസർ സർജറി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. പള്ളിക്കൽ മൂതലയിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വർക്കല പ്രകൃതി ചികിത്സ കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും പള്ളിക്കൽ സി.എച്ച്.സിയിൽ ഡോക്ടർമാരുടെ സേവനം വൈകിട്ട് ആറുവരെ ദീർഘിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
പള്ളിക്കൽ പഞ്ചായത്ത് 20 ലക്ഷം രൂപ മുതൽമുടക്കിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമിച്ചത്. ഉച്ചക്ക് രണ്ടുവരെ ഡോക്ടറുടെ സേവനം ലഭ്യമാകും. ഫാർമസി, മരുന്ന് നിർമാണത്തിനുള്ള മുറി, ഒ.പി മുറി, പരിശോധന മുറി, സ്റ്റോർ റൂം എന്നിവയാണ് കെട്ടിടത്തിലുള്ളത്.
ആശുപത്രി പ്രവർത്തന സജ്ജമായതോടെ പ്രദേശവാസികളുടെ ഏറെ നാളത്തെ ആഗ്രഹം സഫലമായി. ധനസമാഹരണത്തിലൂടെ നാട്ടുകാർ ആശുപത്രി നിർമിക്കുന്നതിനായി 21 സെന്റ് പുരയിടം വാങ്ങി നൽകി. സ്കൂൾ കുട്ടികളടക്കം ഇതിനായി സംഭാവനകൾ നൽകി. കായകൽപ അവാർഡിന് പള്ളിക്കൽ സി.എച്ച്.സിയെ അർഹമാക്കിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മെഡിക്കൽ ഓഫിസർ ജയകുമാർ വെള്ളനാടിനെ മന്ത്രി ആദരിച്ചു. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.