തിരുവനന്തപുരം: കൃത്യമായ രേഖകളില്ലാത്തതിനാല്‍ സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും കിട്ടുന്നതിന് നിലനിൽക്കുന്ന സാങ്കേതികക്കുരുക്ക് ഒഴിവാക്കാൻ തദ്ദേശവകുപ്പിന്റെ ഇടപെടൽ. സര്‍ക്കാര്‍-എയ്ഡഡ് സ്കൂള്‍ കെട്ടിടങ്ങളുടെ ശരിയായ വിസ്തീര്‍ണം അസസ്മെന്റ് രജിസ്റ്ററില്‍ ചേര്‍ക്കാത്തതാണ് പ്രധാന തടസ്സം. ഇത്തരം കെട്ടിടങ്ങളുടെ കൃത്യം വിവരം സഞ്ചയ പോര്‍ട്ടലില്‍ ചേര്‍ത്ത് തടസ്സം നീക്കാനാണ് തദ്ദേശവകുപ്പിന്റെ തീരുമാനം.
വളരെ കാലപ്പഴക്കമുള്ളതാണ് പല സ്കൂളുകളുടെയും കെട്ടിടങ്ങള്‍. ഇത്തരം കെട്ടിടങ്ങളില്‍ സ്കൂൾ പ്രവര്‍ത്തനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാറുമുണ്ട്.
എന്നാല്‍ മിക്കവയുടെയും കൃത്യമായ രേഖ തദ്ദേശസ്ഥാപനങ്ങളിലോ സഞ്ചയ ഡാറ്റാ പോര്‍ട്ടലിലോ ഇല്ല. സ്കൂളുകള്‍ക്ക് നികുതി ഒഴിവാക്കിയിരുന്നതിനാല്‍ ശരിയായ വിസ്തീര്‍ണം ഉള്‍പ്പെടുത്താറുമില്ല. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് പെര്‍മിറ്റിനും ഫിറ്റ്നസ് ആവശ്യത്തിനും സ്കൂളുകള്‍ സമീപിക്കുമ്പോഴാണ് പല കെട്ടിടങ്ങളും രേഖയിലില്ലെന്ന് ബോധ്യമാകുന്നത്.
കെട്ടിടം നേരത്തേതന്നെ ഉണ്ടായിരുന്നു എന്നതിന് തെളിവുനല്‍കിയാല്‍ ഡാറ്റാ ശുദ്ധീകരിച്ച് സഞ്ചയയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. നൽകുന്ന രേഖകള്‍ പരിശോധിച്ച് കെട്ടിടത്തിന്റെ പഴക്കം കണക്കാക്കും. കെട്ടിട നിര്‍മാണച്ചട്ടം ബാധകമാകുന്നതിനുമുമ്പ് നിര്‍മിച്ചവയാണെങ്കില്‍ ക്രമവത്കരണത്തിന് ഫീസ് ഈടാക്കുകയുമില്ല.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടാത്ത മൂത്രപ്പുര, പാചകപ്പുര, ഓഡിറ്റോറിയം തുടങ്ങിയവയുടെ വിസ്തീര്‍ണവും പോര്‍ട്ടലില്‍ ചേര്‍ക്കും. അനുബന്ധ കെട്ടിടങ്ങളുടെ വിസ്തീര്‍ണം സംബന്ധിച്ച സത്യവാങ്മൂലവും രേഖകള്‍ ഉള്‍പ്പെടെ അപേക്ഷയും സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രഥമാധ്യാപകരോ എയ്ഡഡ് സ്കൂളുകളില്‍ മാനേജർമാരോ നല്‍കണമെന്ന് സര്‍ക്കാര്‍ നിർദേശിച്ചിട്ടുണ്ട്.
സ്കൂളുകളുടെ കാര്യത്തിന് പുറമെ കെട്ടിടനിര്‍മാണ ചട്ടം നിലവില്‍ വരുന്നതിനുമുമ്പ് നിര്‍മിച്ച ഭവനേതര കെട്ടിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഒക്യുപെന്‍സി മാറ്റം നിര്‍ബന്ധമാക്കാതെ ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. പെര്‍മിറ്റ് എടുത്തശേഷം കെട്ടിടനിര്‍മാണം ഉപേക്ഷിച്ചാല്‍ ഈടാക്കിയ ഫീസ് തിരിച്ചുനല്‍കാന്‍ നിയമഭേദഗതി കൊണ്ടുവരാനും തദ്ദേശവകുപ്പ് തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.