തിരുവനന്തപുരം: പുത്തൻപ്രതീക്ഷകളുമായി അധ്യയന വർഷത്തിലേക്ക് കാലെടുത്തുവെച്ച കുരുന്നുകൾക്ക് ആഘോഷപ്പൊലിമയോടെ വരവേൽപ്. നവാഗതരായി എത്തിയവർക്ക് പുസ്തകങ്ങളും മധുരപലാഹരവും പായസവും വിളമ്പിയാണ് ആദ്യദിനം അധ്യാപകരും പി.ടി.എയും പൂർവ വിദ്യാർഥികളും ചേർന്ന് ആഘോഷമാക്കിയത്. മീനാങ്കൽ ഗവ.ട്രൈബൽ സ്കൂളിൽനടന്ന ജില്ലാതല പ്രവേശനോത്സവം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരവും ഗുണമേന്മയും ഉറപ്പാക്കാൻ ചരിത്രപരമായ ഇടപെടലാണ് സർക്കാർ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് മന്ത്രി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജി സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.
വള്ളക്കടവ് എൽ.പി.എസ്, വി.എം.ജെ യു.പി.എസ്, ഹാജി സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ പ്രവേശനോത്സവം ഡൽഹിയിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. നീതു സോണ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ. സൈഫുദ്ധീൻ ഹാജി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത നാസർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രം, വീട്-ബാലിക മന്ദിരം എന്നിവടങ്ങളിൽനിന്ന് തിങ്കളാഴ്ച വിവിധ ക്ലാസുകളിലായി 35 കുട്ടികൾ പഠനാർത്ഥം എത്തി. ഇതിൽ 12 കുട്ടികൾ (അഞ്ച് ആൺകുട്ടി, ഏഴ് പെൺകുട്ടി) തൈക്കാട് മോഡൽ എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിലേക്കാണ് പ്രവേശനം നേടിയത്. രാവിലെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപിയുടെയും മുത്തശ്ശിമാരുടെയും കൈ പിടിച്ചാണ് കുരുന്നുകൾ മോഡൽ സ്കൂളിലെത്തി പ്രവേശനോത്സവത്തിൽ പങ്കുചേർന്നത്. പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിലെ പ്രവേശനോത്സവത്തിൽ അക്ഷരവും മധുരവും ഒന്നിച്ചു നൽകിയാണ് നവാഗതരെ വരവേറ്റത്. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, എച്ച്.എം. അമൃത ജയദേവൻ, പി.ടി.എ പ്രസിഡൻറ് അനിൽ ശിവശക്തി, അധ്യാപകരായ ടീന, ഷീജാ രാജ്, ഗീത, മിനി, മീര, രചന എന്നിവർ പ്രവേശനോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.
വെള്ളറട: ശ്രീ ചിത്തിര തിരുനാള്‍ റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളിലെ പ്രവേശനോത്സവം മുന്‍ അംബാസഡറും സ്കൂള്‍ ചെയര്‍മാനുമായ ടി.പി. ശ്രീനിവാസന് ഉദ്ഘടനം ചെയ്തു. സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ ദേശീയ തലത്തില്‍ നാലാം റാങ്കും സൗത്ത് ഇന്ത്യയില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ പി.എസ്. സംഗീതയെയും മികച്ച വിജയം കരസ്ഥമാക്കിയ ബി.എസ്.അഷ്നയെയും സാനിയയെയും വൈ.എസ്. മനുവിനെയും ആദരിച്ചു. സ്കൂള്‍ മാനേജര്‍ ടി. സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാര്‍, പ്രിന്‍സിപ്പല്‍ പുഷ്പവല്ലി പി.ടി.എ പ്രസിഡന്റ് ഇന്ദു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.