തിരുവനന്തപുരം: റീലെടുക്കാനായി ജീവൻ പണയംവെച്ച് ആഡംബര ബൈക്കുകളിലും കാറുകളിലും പായുന്നവരെക്കൊണ്ട് പൊറുതിമുട്ടുകയാണ് ബൈപാസ്. കാമറകളുമായി തലങ്ങും വിലങ്ങും പായുകയാണ് റേസിങ് സംഘങ്ങൾ. ബൈക്കോട്ടം മാത്രമല്ല, സമൂഹമാധ്യമങ്ങളിലെ റീച്ചിനായി കൈവിട്ട അഭ്യാസപ്രകടനങ്ങൾക്കാണ് കഴക്കൂട്ടം-കോവളം റോഡ് രാപ്പകൽ വ്യത്യാസമില്ലാതെ വേദിയാകുന്നത്.
നേരത്തെ വൈള്ളയമ്പലം-കവടിയാർ റോഡിലായിരുന്നു റേസിങ് സംഘങ്ങൾ തമ്പടിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുന്നതിനപ്പുറം മത്സരസ്വഭാവത്തിലായിരുന്നു രാജ്ഭവൻ ഉൾപ്പെടുന്ന അതിസുരക്ഷ നിരത്തിലെ അന്നത്തെ ബൈക്കോട്ടം. സിനിമ ടിക്കറ്റും ഭക്ഷണവുമെല്ലാമായിരുന്നു പന്തയവും സമ്മാനവും.
ഒരുവർഷം 31 അപകടങ്ങൾ റിപ്പോർട്ട് ചെയ്യുകയും അതിൽ നാല് ജീവൻ പൊലിയുകയും ചെയ്തതോടെ അധികൃതർ ഇടപെട്ടു. കാമറകൾ സ്ഥാപിക്കുകയും പൊലീസ് പട്രോളിങ് സജീവമാകുകയും ചെയ്തതോടെ റേസിങ് സംഘങ്ങൾ ബൈപാസിലേക്ക് കുടിയേറുകയായിരുന്നു.
2022ൽ കോവളം-മുക്കോല ബൈപാസിൽ റേസിങ് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ തൽക്ഷണം മരിച്ചതിനെതുടർന്ന് അൽപകാലം പരിശോധനകൾ ഊർജിതമാക്കിയെങ്കിലും പിന്നീട് അതെല്ലാം നിലച്ചു.
കഴക്കൂട്ടത്തെ പുതിയ മേൽപാലം, ഈഞ്ചയ്ക്കൽ, വെൺപാലവട്ടം മേൽപാലങ്ങൾ എന്നിവിടങ്ങളിലും റീൽസിനായുള്ള സാഹസിക പ്രകടങ്ങൾ വ്യാപകമാണ്. ചീറിപ്പായുന്ന ന്യൂജെൻ ബൈക്കുകളാണ് അപകടം വരുത്തിവെക്കുന്നത്. അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ മിക്കതും നിയന്ത്രണംവിട്ട് റോഡിന്റെ മീഡിയനിലേക്ക് ഇടിച്ചുകയറി ചിന്നിച്ചിതറുകയാണ് പതിവ്.
വാഴമുട്ടം-കോവളം, മുട്ടത്തറ-കല്ലൂംമൂട്, അമ്പലത്തറ-തിരുവല്ലം പാലം, കഴക്കൂട്ടം ടെക്നോപാർക്ക്-ആക്കുളം, ചാക്ക-ഈഞ്ചയ്ക്കൽ എന്നീ ഭാഗങ്ങളിലും സാഹസിക പാച്ചിലിന് കുറവില്ല. ദാരുണ അപകങ്ങൾ കൺമുന്നിൽ അനവധിയുണ്ടായാലും പിന്മാറാൻ യുവാക്കൾ തയാറാകുന്നില്ല എന്നതാണ് ദയനീയം.
കല്ലൂംമൂട് പാലത്തിൽ ഒരു വർഷത്തിനിടെ മൂന്നുപേരും വെൺപാലവട്ടം പാലത്തിൽ രണ്ടുപേരും ഈഞ്ചയ്ക്കലിൽ നാലുപേരും വാഹനാപകടങ്ങളിൽ മരിച്ചു. മുക്കോല ബൈപ്പാസിൽനിന്ന് കോവളത്തേക്കുള്ള റോഡിൽ രണ്ടംഗസംഘം ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്.
സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് നടപടിയെടുത്തു. മൂന്നുവർഷത്തിനിടെ എഴുപതോളം അപകടങ്ങളാണ് ബൈപാസിൽ റിപ്പോർട്ട് ചെയ്തത്. സർവിസ് റോഡ് പണിയാതെ ഇരു ദിശയിലേക്കും ഒരേ വരിയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
ബൈപാസിലെ വാഹനാപകടങ്ങൾ നിയന്ത്രിക്കാനെന്ന പേരിൽ സിറ്റി പൊലീസും മോട്ടോർ വാഹന വകുപ്പും ഒട്ടേറെ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും പ്രാവർത്തികമായില്ല. റോഡുകളിലെ വെളിച്ചക്കുറവും അപകടങ്ങൾക്ക് കാരണമാകുന്നു.
സമൂഹമാധ്യമങ്ങളിൽ താരങ്ങളാകാനാണ് ബൈപാസിലെ റീൽസു പിടുത്തം. കാമറകളുമായി മുന്നിലും പിന്നിലും വശങ്ങളിലുമായി വിവിധ ആംഗിളിൽ ദൃശ്യങ്ങളെടുക്കാൻ പല വാഹനങ്ങളായിരിക്കും ഷൂട്ടിനുണ്ടാവുക. അമിതവേഗതയിലാകും നായകന്റെ പാച്ചിൽ.
ഏതെങ്കിലും ഘട്ടത്തിൽ കണ്ണൊന്ന് പാളിയാൽ കൂട്ട അപകടത്തിനാകും ഇടയാവുക. ഷൂട്ടിങ്ങായതിനാൽ ഹെൽമറ്റുമുണ്ടാകില്ല. ഉത്തരേന്ത്യൻ നിരത്തുകളിലെ സാഹസിക റീലുകളെ അനുകരിക്കാനാണ് ചെറുപ്പക്കാർ ബൈപാസിലെത്തുന്നത്. പിന്നീട് എഡിറ്റ് ചെയ്ത് തട്ടുപൊളിപ്പൻ സംഗീതവും ചേർത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യും. ലൈക്കിനും റീച്ചിനും ഷെയറിനും വേണ്ടിയുള്ള ഈ കൈവിട്ട കളി ലഹരിയായി മാറുന്നുവെന്നതാണ് പുതിയ പ്രവണത.
രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഇത്തരം സംഘങ്ങളുടെ വിളയാട്ടം കൂടുതലും. റോഡിൽ തിരക്കുള്ള ഈ സമയത്ത് സാഹസിക റീൽ സംഘങ്ങൾകൂടി എത്തുന്നതോടെ മറ്റ് വാഹനയാത്രികരും അപകട ഭീതിയിലാണ്. ചാക്ക, മുട്ടത്തറ, വാഴമുട്ടം എന്നിവിടങ്ങളിലാണ് സംഘങ്ങൾ കേന്ദ്രീകരിക്കുന്നത്. അമിത വേഗത്തിലും കാതുപൊട്ടുന്ന ശബ്ദത്തിലുമാണ് അഭ്യാസ പ്രകടനങ്ങൾ. പിടിവിട്ട കളിക്കെതിരെ നാട്ടുകാർ രംഗത്തെത്തിയാൽ ‘തന്ത വൈബെന്നാണ്’ ന്യൂജൻ ആക്ഷേപം.
എതിർവാഹനത്തെ പരിഗണിക്കാതെ കണ്ണ് തുളച്ചുകയറുംവിധം ബ്രൈറ്റ് ലൈറ്റിട്ട് പായുന്നവരും അപകടങ്ങൾക്ക് കാരണക്കാരാവുന്നു. രാത്രിയുണ്ടാകുന്ന നല്ലൊരു ശതമാനം അപകടങ്ങൾക്കും ബ്രൈറ്റ് ലൈറ്റിന്റെ അനാവശ്യ ഉപയോഗം കാരണമാകുന്നുണ്ട്. രാത്രി എതിരെ വരുന്ന വാഹനത്തിന്റെ അകലവും വേഗതയും കൃത്യമായി കണക്കാക്കാൻ സാധിക്കില്ല.
കാഴ്ച ക്രമീകരിക്കുന്നതിന് കണ്ണുകൾക്ക് അധികസമയം വേണ്ടിവരും. എതിർ വാഹനത്തിന്റെ ഹെഡ് ലൈറ്റ് ബ്രൈറ്റ് ആകുന്നതോടെ കാഴ്ച തടസ്സപ്പെടുത്തുന്ന സ്ഥിതിയാകും.
വാഹനത്തിന്റെ ഡിം ലൈറ്റ് വെളിച്ചത്തിൽ എത്രദൂരം റോഡ് വ്യക്തമായി കാണാൻ കഴിയുമോ ആ ദൂരത്തിനുള്ളിൽ നിർത്താൻ കഴിയുന്ന വേഗതയിലേ വാഹനം ഓടിക്കാവൂവെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിർദേശം. എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ അധികം നോക്കരുത്.
തീവ്രപ്രകാശത്തിലേക്ക് നോക്കുന്നതോടെ കുറച്ചുസമയത്തേക്ക് ഡ്രൈവർ അന്ധനായതുപോലെയാകും. 80 കിലോമീറ്റർ വേഗതയിലാണെങ്കിൽ ഈ സമയംകൊണ്ട് വാഹനം 45 മീറ്റർ മുന്നോട്ടുപോയിരിക്കും. ഇതും അപകടങ്ങൾക്കിടയാക്കും.
തിരക്ക് കുറവുള്ള വഴികൾ ആദ്യം നിർദേശിക്കുന്ന ഗൂഗിൾ മാപ്പിന്റെ അൽഗോരിതം വഴിതെറ്റിക്കാമെന്നും ഇക്കാര്യത്തിൽ സൂക്ഷ്മതപുലർത്തണമെന്നും മോട്ടോർ വാഹനവകുപ്പ്. ട്രാഫിക് കുറവുള്ള റോഡുകളെയാണ് മാപ്പിന്റെ അൽഗോരിതം എളുപ്പം എത്തുന്ന വഴിയായി ആദ്യം കാട്ടിത്തരിക.
ഇത്തരം റോഡുകൾ എപ്പോഴും സുരക്ഷിതമാകണമെന്നില്ല. തോടുകൾ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങൾ നിറഞ്ഞതുമായ നിരത്തുകളിലും സാധാരണ തിരക്കുണ്ടാകില്ല. ഇത് തിരിച്ചറിയാതെ ഗൂഗിളിന്റെ അൽഗോരിതം ഇവ നിർദേശിക്കും ഇതാകട്ടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കില്ല. പലപ്പോഴും ജി.പി.എസ് സിഗ്നൽ നഷ്ടപ്പെട്ട് രാത്രികാലങ്ങളിൽ ഊരാക്കുടുക്കിൽപെടാനുമിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.